
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 63,371 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 73 ലക്ഷം കടന്നു. 73,70,469 പേർക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചത്. വെളളിയാഴ്‌ച 895 പേർ കൊവിഡ് ബാധിച്ച് മരണമടഞ്ഞതോടെ ആകെ മരണനിരക്ക് 1,12,161 ആയി. രാജ്യത്ത് 8,04,528 ആക്‌ടീവ് കേസുകളാണുളളത്. 64,53,780 പേർ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷത്തിലെത്തിയത് ഓഗസ്‌റ്റ് 7നാണ്. 30 ലക്ഷം എത്തിയത് ഓഗസ്‌റ്റ് 23നും. സെപ്‌തംബർ 5ഓടെ 40 ലക്ഷം എത്തി. പിന്നീട് സെപ്‌തംബർ16ന് 50 ലക്ഷം രോഗികളായി. സെപ്‌തംബർ 28ഓടെ 60 ലക്ഷവും ഒക്‌ടോബർ 11ഓടെ 70 ലക്ഷവും കടന്നു. 15 ലക്ഷത്തിലധികം രോഗികളുളള മഹാരാഷ്‌ട്രയാണ് കൊവിഡ് രൂക്ഷമായ സംസ്ഥാനങ്ങളിൽ ഒന്നാമത്. എന്നാൽ 24 മണിക്കൂറിൽ മഹാരാഷ്‌ട്രയിൽ 19,000 പേർ രോഗമുക്തി നേടി. കർണാടകയിൽ ഇത് 8000 ആണ്.
രാജ്യ തലസ്ഥാനമായ ഡൽഹിയിൽ വ്യാഴാഴ്‌ച വരെ ആകെ 3.21 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3483 പുതിയ കേസുകളും. 26 പേർ മരണമടഞ്ഞതോടെ ആകെ സംസ്ഥാനത്തെ മരണനിരക്ക് 5,924 ആയി.തുടർച്ചയായി മൂന്നാം ദിവസമാണ് രാജ്യ തലസ്ഥാനത്ത് 3000 ലേറെ പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.