
കോവളം: വിഴിഞ്ഞത്തെ ക്രൂചെയ്ഞ്ചിംഗ് ആൻഡ് ബങ്കറിംഗ് ഹബ്ബാക്കി മാറ്റാൻ സർക്കാർ നടപടി തുടങ്ങി. അന്താരാഷ്ട്ര ജലപാതയിൽ നിന്ന് കൊച്ചിയിലെത്തി ക്രൂ ചെയ്ഞ്ചിംഗ് നടത്താൻ ചരക്ക് കപ്പലുകൾക്ക് ഒന്നിലധികം ദിവസം വേണ്ടിവരും. എന്നാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ക്രൂചെയ്ഞ്ചിംഗ് നടത്തി കപ്പലുകൾക്ക് മടങ്ങാനാകുമെന്നതാണ് വിഴിഞ്ഞത്തിന് അനുഗ്രഹമായത്. ഇതുവഴിയുണ്ടാകുന്ന സമയലാഭവും സാമ്പത്തിക നേട്ടവുമാണ് ചരക്ക് കപ്പലുകളെ വിഴിഞ്ഞത്തേക്കടുപ്പിക്കുന്നത്.
ക്രൂചെയ്ഞ്ചിംഗിനായി ഇന്നലെ വിഴിഞ്ഞം പുറംകടലിൽ 56-ാമത്തെ കപ്പലാണെത്തിയത്. വിഴിഞ്ഞം തുറമുഖത്ത് അന്താരാഷ്ട്ര ക്രൂചെയിഞ്ച് ടെർമിനൽ പദ്ധതി യാഥാർത്ഥ്യമായതിന്റെ ഭാഗമായി ആദ്യമായെത്തിയത് ചൈനയിലെ യാന്റിയാൻ തുറമുഖത്ത് നിന്ന് പുറപ്പെട്ട കണ്ടെയ്‌നറാണ് വിഴിഞ്ഞത്തെത്തിയത്. അറ്റ്‌ലാൻഡിക് ഗ്ലോബൽ ഷിപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജൻസിയാണ് ക്രൂചെയിഞ്ചിംഗിനായി കപ്പലെത്തിച്ചത്.
27 ജീവനക്കാരെയാണ് കരയിലിറക്കിയത്. പകരം 25 ജീവനക്കാർ കപ്പലിൽ കയറി. ഇറങ്ങിയവരെയും കയറിയവരെയും കൊവിഡ് മാനദണ്ഡമനുസരിച്ചുളള പരിശോധനകളും മറ്റ് നടപടികളും പൂർത്തിയാക്കി. തുടർന്ന് നെതർലൻഡിലെ റോട്ടർഡാം തുറമുഖത്തേക്ക് കണ്ടെയ്‌നർ പുറപ്പെട്ടു. ക്രൂചെയ്ഞ്ചിംഗിന്റെ സഹായത്തിനായി തുറമുഖ വകുപ്പിന്റെ എം.ടി ചാലിയാർ, സ്വകാര്യ ഏജൻസിയുടെ എൻ.ബി സോഹ, വിജയ് എന്നീ മൂന്ന് ടഗ്ഗുകളാണ് വിഴിഞ്ഞത്തുള്ളത്. എൻ.ബി സോഹ ശനിയാഴ്ച മുംബയിലേക്ക് മടങ്ങുന്നതോടെ തുറമുഖ വകുപ്പിന്റെ എം.ടി മലബാർ കൊല്ലത്ത് നിന്ന് വിഴിഞ്ഞത്തെത്തും.