jose-k-mani

തിരുവനന്തപുരം: ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം വേഗത്തിലാക്കാൻ സി.പി.എം നീക്കം. സി.പി.എം ആശിർവാദത്തോടെ തലസ്ഥാനത്ത് ജോസ് കെ മാണിയുടെ കൂടിക്കാഴ്‌ചകൾ സജീവമായി നടക്കുകയാണ്. കൂടിക്കാഴ്‌ചകൾക്കായി എ.കെ.ജി സെന്ററിന്റെ വാഹനത്തിനേയും ഡ്രൈവറിനെയുമാണ് ജോസിന് വിട്ടുനൽകിയത്. സി.പി.എം നൽകിയ വാഹനത്തിലാണ് ജോസ് കാനത്തെ കാണാൻ എം.എൻ സ്‌മാരകത്തിലെത്തിയത്.

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് എ.കെ.ജി സെന്ററിൽ നടന്നുകൊണ്ടിരിക്കുകയാണ്. വളരെ പെട്ടെന്ന് എൽ.ഡി.എഫ് യോഗം ചേരാൻ സി.പി.എം തീരുമാനമെടുത്തേക്കും. ജോസിന്റെ ഭാഗത്ത് നിന്ന് കൂടുതൽ നേതാക്കളെ മറുകണ്ടം ചാടിപ്പിക്കാൻ കോൺഗ്രസും പി.ജെ ജോസഫും ശ്രമം നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ജോസിന്റെ മുന്നണി പ്രവേശനം വേഗത്തിലാക്കാനാണ് സി.പി.എം നീക്കം.

രാവിലെ തൈയ്ക്കാട് ഗസ്റ്റ് ഹൗസിലേക്ക് എ.കെ.ജി സെന്ററിൽ നിന്ന് ഒരു വാഹനം പുറപ്പെട്ടിരുന്നു. ജോസിന് എന്തെങ്കിലും നിർദേശം നൽകാനായിരിക്കും വാഹനം അങ്ങോട്ടേക്ക് പോയത് എന്നായിരുന്നു പൊതുവിലുളള സംസാരം. എന്നാൽ ആ വാഹനം അവിടെയെത്തി നിർദേശം കൈമാറിയതിന് ശേഷം അതേ വാഹനത്തിൽ ജോസ് കെ മാണി എം.എൻ സ്‌മാരകത്തിലേക്ക് പുറപ്പെടുകയായിരുന്നു.

വാർത്തകളും രഹസ്യങ്ങളും ചോരരുത് എന്നതാകാം വാഹനവും ഡ്രൈവറും ജോസിന് നൽകിയതിന് പിന്നിലെ സി.പി.എം അജണ്ടയെന്നാണ് വിലയിരുത്തപ്പെടുന്നത്. മുന്നണിക്കകത്ത് പ്രവേശിക്കും മുമ്പ് എ.കെ.ജി സെന്ററിന്റെ വാഹനത്തിലൂടെ ജോസ് കെ മാണി തലസ്ഥാനത്ത് സഞ്ചരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. വളരെ തകൃതിയായി ഒരു പാർട്ടിക്കും കിട്ടാത്ത പരിഗണനയാണ് സി.പി.എമ്മിന്റെ ഭാഗത്ത് നിന്ന് ജോസിന് കിട്ടുന്നത്. ചർച്ചകൾക്ക് ശേഷം കോടിയേരി ബാലകൃഷ്‌ണനും വിജയരാഘവനും പുറത്തേക്കിറങ്ങി മാദ്ധ്യമങ്ങൾക്ക് മുന്നിൽ വച്ച് യാത്ര പറഞ്ഞാണ് എ.കെ.ജി സെന്ററിൽ നിന്നും ജോസിനെ മടക്കി അയച്ചത്.

jose-k-mani

മുന്നണി പ്രവേശനം ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജോസ് കെ മാണി കൂടിക്കാഴ്‌ചകൾക്ക് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളും ഭാവി പ്രവർത്തനങ്ങളും മുന്നണിയിൽ ചർച്ച ചെയ്യും. വേറെ വലിയ കാര്യങ്ങളൊന്നുമില്ല. വന്നു, കണ്ടു. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണി പ്രവേശനം ഉണ്ടാകണമെന്നാണ് ആഗ്രഹം. അത് അറിയിച്ചിട്ടുണ്ട്. കെ.എം മാണിക്കെതിരെ നടത്തിയ സമരങ്ങളിൽ വ്യക്തമായ പ്രതികരണം അവരുടെ നേതാക്കൾ അറിയിച്ചിട്ടുണ്ട്. അതിന്റെ പിന്നിൽ ആരാണ് എന്നൊക്കെ സി.പി.എമ്മും സി.പി.ഐയപമൊക്കെ സ്വീകരിച്ചിട്ടുണ്ട്. എ.കെ.ജി സെന്ററിന്റെ വാഹനത്തിൽ പോയത് സി.പി.എം സഹായമല്ല. അറിയാവുന്ന ഒരാളെ കൂടി കൂടെ കൊണ്ടുപോയതാണ്. മുഖ്യമന്ത്രിയെ കാണുന്നുണ്ടെന്നും തീയതി തീരുമാനിച്ചിട്ടില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.