
ഇന്ത്യയിലേക്ക് ആദ്യമായി ഓസ്കാർ കൊണ്ടുവന്ന വസ്ത്രാലങ്കാര വിദഗ്ധ ഭാനു അതയ്യ ഓർമകളിലേക്ക് മാഞ്ഞു.മസ്തിഷ്ക സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മുന്നു വർഷമായി കിടപ്പിലായിരുന്നു.1956 മുതൽ സിനിമകളിൽ വസ്ത്രാലങ്കാരം ചെയ്തു തുടങ്ങിയ ഭാനുവിന് റിച്ചാർ ഡ് ആറ്റൻബറോ സംവിധാനത്തിൽ പിറന്ന ഗാന്ധി എന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരത്തിനാണ് ഓസ്കാർ തേടിയെത്തിയത്. ബോളിവുഡിലെ ആരും കൊതിക്കുന്ന നായികമാരെ കാമറയ്ക്ക് മുന്നിലേക്ക് ഒരുക്കിവിട്ടിരുന്നത് ഭാനു അതയ്യയ്ക്ക് ഒരു ലഹരിപോലെയായിരുന്നു.

1929 ഏപ്രിൽ 28 ന് മഹാരാഷ്ട്ര കോലാലംപൂരിൽ അന്നാസാഹിബിനും ശാന്തഭായി രാജോപാദ്ധ്യായുടെയും മകളായി ജനനം. പിതാവ് പെയിന്ററായതുകൊണ്ട് ചെറുപ്പം മുതലേ ഭാനു അതയ്യയ്ക്ക് നിറങ്ങളോട് വല്ലാത്തൊരു ആകർഷണമായിരുന്നു.1956ൽ സിഐഡി എന്ന ചിത്രത്തിൽ വസ്ത്രാലങ്കാരം ചെയ്താണ് ഭാനു അതയ്യ സിനിമ മേഖലയിലേക്ക് കാലെടുത്തു വയ്ക്കുന്നത്. പ്രമുഖ സംവിധായകൻ ഗുരു ദത്തിന്റെ സിനിമകളുടെ ഭാഗമായി ഭാനു അതയ്യയ്ക്ക് മാറാൻ അധികം സമയം വേണ്ടിവന്നില്ല. ആറു പതിറ്റാണ്ടോളം സിനിമ മേഖലയിൽ സജീവ സാന്നിധ്യമായി. നൂറോളം സിനിമകളിൽ വസ്ത്രാലങ്കാരം ചെയ്തു. ഗുരു ദത്ത് കൂടാതെ യാഷ് ചോപ്ര ,ബി .ആർ ചോപ്ര ,രാജ് കപൂർ വിജയ് ആനന്ദ് ,രാജ് ഖോസ്ല തുടങ്ങിയ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിലും വസ്ത്രാലങ്കാര വിദഗ്ധയായി ഭാനു അതയ്യ ജോലി ചെയ്തു.

ഓസ്കാറിന് പുറമെ രണ്ടു തവണ നാഷണൽ ഫിലിം അവാർഡും, ഫിലിം ഫെയർ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരവും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ഭാനു അതയ്യയെ തേടിയെത്തിയിട്ടുണ്ട്. 2012 -ൽ തനിക്ക് ലഭിച്ച ഓസ്കാർ പുരസ്കാരം അത് നൽകിയ അമേരിക്കൻ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്ട് ആൻഡ് സയൻസസിനു മടക്കി നൽകാൻ താത്പര്യം പ്രകടിപ്പിച്ചു. തന്റെ കാലശേഷം ഈ ട്രോഫി സൂക്ഷിക്കാൻ കുടുംബത്തിനോ സർക്കാരിനോ സാധിച്ചേക്കില്ല എന്ന ചിന്തയാണ് ഈ വിലപ്പെട്ട പുരസ്കാരം തിരികെ നൽകാൻ ഭാനു അതയ്യയെ പ്രേരിപ്പിച്ചത്. പ്രായത്തെ അവഗണിച്ചും സിനിമയിൽ ജീവിച്ച കലാകാരിയാണ് ഭാനു അതയ്യ. ആ കലാകാരി തന്റെ ഭാവനയിൽ കണ്ട് ഒരുക്കിവിട്ട അമ്രപാലിയിലെ വൈജയന്തിമാലയായും ഗൈഡിലെ വഹീദ റഹ്മാനായും സത്യം ശിവം സുന്ദരത്തിലെ സീനത്ത് അമനായും ഭാനു അതയ്യ നമ്മളിൽ ജീവിയ്ക്കും....