
ഫഹദ് ഫാസിലിന്റെ കടുത്ത ആരാധികയാണ് അപർണദാസ്. ആദ്യം അ ഭിനയിച്ചത് ഫഹദിനൊപ്പം. പുതുമുഖങ്ങളെ ഏറെ പ്രോത്സാഹിപ്പിക്കുന്ന വിനീത് ശ്രീനിവാസൻ ഒരു സിനിമയിലേക്ക് വിളിച്ചിരുന്നെങ്കിലെന്ന് മോഹിച്ചു. രണ്ടാമത്തെ സിനിമയിൽ വിനീത് ശ്രീനിവാസന്റെ നായിക. മോഹിക്കുന്നതൊക്കെ കൈവരുന്നതിന് പിന്നിലെ രഹസ്യമെന്തെന്ന് ചോദിച്ചാൽ അല്പംപോലും ആലോചിക്കാതെ അപർണദാസ് പറയും. 'ആഗ്രഹിക്കുന്നത്  നടക്കുമെന്ന് വിശ്വസിച്ചാൽ അതു യാഥാർത്ഥ്യമാകും."
ടിക് ടോക്കാണ് അപർണയെ സിനിമയിലെത്തിച്ചതെന്ന് കേട്ടിട്ടുണ്ട്?
ഞാൻ ഒരുപാട്  ടിക് ടോക് വീഡിയോകളൊന്നും ചെയ്തിട്ടില്ല. ഒന്ന് രണ്ട് വീഡിയോ ചെയ്തു .
അത് സത്യൻ അന്തിക്കാട് സാറിന്റെ മകൻ അഖിൽ സത്യൻ കണ്ടു. പുള്ളി എനിക്ക്  മെസേജയച്ചു.
സിനിമയിലഭിനയിക്കാൻ താത്പര്യമുണ്ടോയെന്ന് ചോദിച്ചു.അവർ പറഞ്ഞ സിറ്റുവേഷനനുസരിച്ച് ഒരു വീഡിയോ ചെയ്തു അയച്ചു. അത് കണ്ട് സത്യൻ സാർ ഒാ കെ പറഞ്ഞു. 

കടുത്ത ആരാധികയാണെന്ന് ഫഹദിനോട് പറഞ്ഞിട്ടുണ്ടോ?
സൂചിപ്പിച്ചിട്ടുണ്ട്. ഒരുപാടങ്ങ് പറയാൻ നമുക്കൊരു ചമ്മലുണ്ടാകുമല്ലോ. എനിക്ക് വലിയ ഇഷ്ടമാണെന്നാെക്കെ  പറഞ്ഞിട്ടുണ്ട്. പക്ഷേ ഇത്രേം വലിയ ഫാനാണെന്നാെന്നും ഞാൻ പറഞ്ഞിട്ടില്ല. ആദ്യസിനിമ ഫഹദിനോടൊപ്പം അതും സത്യൻ സാറിന്റെ സിനിമ. അതിലൊരു കുഞ്ഞുറോളായിരുന്നെങ്കിൽ പോലും ഞാൻ ചെയ്തേനെ.
രണ്ടാമത്തെ സിനിമ  മനോഹരത്തിന്റെ ലൊക്കേഷൻ നെന്മാറയായിരുന്നു?
സ്വന്തം നാട്ടിലായിരുന്നു ഷൂട്ട് എന്നതിലുപരി മനോഹരത്തിലെ എന്റെ കഥാപാത്രം ഒരു നെന്മാറക്കാരിയായിരുന്നു. നെന്മാറ ഒരു കുഞ്ഞ് ഗ്രാമമാണ്. അവിടെ എല്ലാവർക്കും പരസ്പരം അറിയാം. എന്റെ അമ്മമ്മയൊക്കെ കുറെ വർഷങ്ങളായിട്ട് അവിടെ ജീവിക്കുന്നവരാണ്. അമ്മമ്മയെ ഒരുവിധം എല്ലാർക്കും അറിയാം. അമ്മമ്മയെ അറിയുന്നത് കൊണ്ട് എന്നെയുമറിയാം. ലൊക്കേഷനിൽ ഷൂട്ടിംഗ് കാണാൻ വന്ന് നിൽക്കുന്നവരെല്ലാം എന്നെ അറിയുന്നയാൾക്കാർ.

ഇനി ആഗ്രഹിക്കുന്നത് ഏത് തരം കഥാപാത്രങ്ങളാണ്?
മാന്യമായിട്ടുള്ള എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യണമെന്നുണ്ട്.
മാന്യമായിട്ടുള്ള എന്നുദ്ദേശിച്ചത് കോസ്റ്റ്യുമിന്റെ കാര്യത്തിലാണോ?
കോസ്റ്റ്യുമിന്റെ കാര്യത്തിലും ഒരു പരിധിവരെ അഭിനയത്തിന്റെ കാര്യത്തിലും. അഭിനയത്തിൽ ബോൾഡ് എന്ന വാക്കിന് ഇപ്പോൾ വേറൊരു അർത്ഥംകൂടിയുണ്ടല്ലോ. അത്തരം കഥാപാത്രങ്ങൾ ചെയ്യുന്നതിനെ ഞാൻ തെറ്റ് പറയുകയില്ല. ഒരാർട്ടിസ്റ്റാകുമ്പോൾ എല്ലാം ഉൾക്കൊണ്ട് ചെയ്യാൻ പറ്റണം. പക്ഷേ എനിക്കത് പറ്റുമെന്ന് തോന്നുന്നില്ല. എനിക്കൊരു കുശുമ്പിയായിട്ട് അഭിനയിച്ചാൽ കൊള്ളാമെന്നുണ്ട്.
കുടുംബം ?
അച്ഛൻ കൃഷ്ണദാസ് മസ്കറ്റിൽ ബിസിനസ് ചെയ്യുന്നു. അമ്മ പ്രസീദ. അനുജൻ അഭിഷേക്. ഇപ്പോൾ എറണാകുളത്താണ് താമസം.