
ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധി കൈകാര്യ ചെയ്യുന്നതിൽ കേന്ദ്രം പൂർണമായും പരാജയപ്പെട്ടെന്ന വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാകിസ്ഥാനും അഫ്ഗാനിസ്ഥാനുംവരെ ഇന്ത്യയെക്കാൾ മികച്ചരീതിയിൽ കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്തുവെന്നും അദ്ദേഹം പരിഹസിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമർശനം.
ഇന്ത്യയുടെ ജി ഡി പി വളർച്ച അയൽരാജ്യങ്ങളെക്കാൾ താഴെപ്പോകുമെന്ന ഐ എം എഫിന്റെ വിലയിരുത്തൽ ചൂണ്ടിക്കാട്ടി ബി ജെ പി സർക്കാരിന്റെ അടുത്ത വലിയ നേട്ടമാണിതെന്ന അടിക്കുറിപ്പോടെയായിരുന്നു രാഹുലിന്റെ ട്വീറ്റ്. ഐ എം എഫ് പുറത്തുവിട്ട വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോർട്ടിൽ ഇന്ത്യയുടെ ജി ഡി പിയിൽ 10.3ശതമാനം ഇടിവുണ്ടാവുമെന്നാണ് വ്യക്തമാക്കുന്നത്. പാകിസ്ഥാന്റെ ജി ഡി പിയിൽ 0.4ശതമാനവും അഫ്ഗാനിസ്ഥാന്റെ ജി ഡി പിയിൽ അഞ്ച് ശതമാനവും മാത്രമാണ് ഇടിവുണ്ടാവുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. നേരത്തേയും കൊവിഡ് കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രം പരാജയപ്പെട്ടെന്ന് ആരോപിച്ച് രാഹുൽ രംഗത്തെത്തിയിരുന്നു.