
തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ എം.എൽ.എ ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ മുടക്കി കുളത്തൂർ കോലത്തുകര ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നിർമ്മിച്ച ഓപ്പൺ സ്റ്റേജ് വിവാദത്തിൽ. 700 സ്‌ക്വയർ ഫീറ്റുള്ള ഓപ്പൺ സ്റ്റേജും, ചെറിയ ഗ്രീൻ റൂമും ടോയ്‌ലെറ്റും നിർമ്മിക്കാനാണ് ഇത്രയും വലിയ തുക ചെലവഴിച്ചത്.
ഷീറ്റുകൊണ്ടാണ് മേൽക്കൂര നിർമ്മിച്ചത്. ഇക്കഴിഞ്ഞ 12ന് മന്ത്രി തന്നെയാണ് സ്റ്റേജ് ഉദ്ഘാടനം ചെയ്തത്. തുടർന്ന് അദ്ദേഹം തന്നെ തന്റെ ഫേസ്ബുക്കിൽ ചിത്രവും ചെലവായ തുകയും സഹിതം പോസ്റ്റിട്ടു. ഇതിന് ശേഷമാണ് സ്റ്റേജിന്റെ നിർമ്മാണത്തിൽ അഴിമതിയുണ്ടെന്ന ആരോപണമുണ്ടായത്. ഇതേത്തുടർന്ന് പ്രതിപക്ഷ പാർട്ടികൾ അഴിമതി ആരോപണവുമായി രംഗത്തെത്തി.
എന്നാൽ പൊതുമരാമത്ത് വകുപ്പാണ് നിർമ്മാണം നടത്തിയതെന്നും ആക്ഷേപമുണ്ടായ ഉടൻ സംഭവത്തിൽ ബന്ധപ്പെട്ടവരോട് വിശദീകരണം ചോദിച്ചുവെന്നും വിജിലൻസ് അന്വേഷണം നടത്താൻ മന്ത്രി ജി. സുധാകരന് കത്ത് നൽകിയതായും കടകംപള്ളി ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
ഓപ്പൺ സ്റ്റേജ് നിർമ്മാണത്തിൽ വൻ അഴിമതി നടന്നെന്ന് ബോദ്ധ്യപ്പെട്ടതിനാലാണ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടെന്ന് മന്ത്രി പ്രസ്താവന ഇറക്കിയതെന്നും ഉടൻ നടപടിയുണ്ടായില്ലെങ്കിൽ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകുമെന്നും പ്രതിപക്ഷപാർട്ടികൾ അറിയിച്ചു.