k-muraleedharan-mulapalli

തിരുവനന്തപുരം: ജോസ് കെ മാണി മുന്നണി വിട്ടു പോയത് ഉൾപ്പടെയുളള കാര്യങ്ങൾ രാഷ്ട്രീയ കാര്യസമിതിയിൽ വിശദമായി ചർച്ച ചെയ്‌തതാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. ആ യോഗത്തിൽ ആദ്യാവസാനം പങ്കെടുത്ത വ്യക്തിയാണ് ബഹുമാന്യനായ മുരളീധരനെന്നും മുല്ലപ്പളളി പറഞ്ഞു. നേതൃത്വത്തിന് എതിരായ മുരളീധരന്റെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയകാര്യ സമിതിയിൽ മുരളീധരൻ തന്റെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും ഒരു കക്ഷിയെ മുന്നണിയിൽ നിന്ന് പറഞ്ഞയക്കുക എന്നത് യു.ഡി.എഫിന്റെ സമീപനമല്ല. മുന്നണിയെ കണ്ണിലെ കൃഷ്‌ണമണിയെ പോലെ കാത്തുസംരക്ഷിച്ചാണ് മുന്നോട്ടുപോകുന്നത്. മുരളീധരൻ അച്ചടക്കലംഘനം നടത്തിയതായോ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതായോ തനിക്ക് വ്യാഖ്യാനിക്കാൻ ആകില്ല. കെ.മുരളീധരൻ പറഞ്ഞത് ശരിയല്ല. പാർട്ടി വിട്ടു പോയ കെ. കരുണാകരനെയും മുരളീധരനെയും തിരികെ കൊണ്ടുവരാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എടുത്ത സമീപനം അദ്ദഹേത്തിന് മറക്കാൻ കഴിയുമോയെന്നും മുല്ലപ്പളളി ചോദിച്ചു.

തെറ്റ് തിരുത്തുന്നവരെ അത് സമ്മതിച്ച് തിരികെ കൊണ്ടുവരുന്ന പാരമ്പര്യമാണ് കോൺഗ്രസിനുളളത്. അല്ലാതെ എല്ലാ കാലത്തും അവരെ ജീവപര്യന്തം ശിക്ഷിക്കുക എന്നത് കോൺഗ്രസ് സമീപനമല്ല. എൻ.സി.പി തീരുമാനമെടുത്ത് തങ്ങളെ അറിയിക്കുകയാണെങ്കിൽ അപ്പോൾ മുന്നണി ചർച്ച ചെയ്യും. ഏതെങ്കിലും പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടില്ലെന്നും മുല്ലപ്പളളി വ്യക്തമാക്കി.