
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വ്യാഴാഴ്ച നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ സൈനികർ ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലാണ് ആദ്യ ആക്രമണം നടന്നത്.ആയുധധാരികളായ ഏഴ് അക്രമികൾ സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ ആൻഡ് ഗ്യാസ് ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ ഒരു സുരക്ഷ ഉദ്യോഗസ്ഥനെ ആക്രമിച്ചു.
ഒർമാരയ്ക്കടുത്തുള്ള തീരദേശ ഹൈവേയിൽ നടന്ന ഏറ്റുമുട്ടലിൽ ഫ്രോണ്ടിയർ കോർപ്സിലെ ഏഴ് സൈനികരും,ഏഴ് സ്വകാര്യ സുരക്ഷാ ഗാർഡുകളും കൊല്ലപ്പെട്ടു.കമ്പനിയിലെ ജീവനക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. എന്നാൽ സ്വതന്ത്ര ബലൂചിസ്ഥാനിനായി പോരാടുന്ന രണ്ട് പ്രധാന ഗ്രൂപ്പുകളിലൊന്നാണ് ആക്രമണം നടത്തിയതെന്ന് കരുതുന്നു.
ബലൂചിസ്ഥാനിലെ സമാധാനം, വികസനം എന്നിവ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഇത്തരം പ്രവൃത്തികൾ ഒരിക്കലും അനുവദിക്കില്ലെന്ന് പാകിസ്ഥാൻ ആർമിയുടെ പബ്ലിക് റിലേഷൻസ് വകുപ്പായ ഐ.എസ്.പി.ആർ പറഞ്ഞു. അതേസമയം, വസീറിസ്ഥാനിലെ റാസ്മാക്കിന് സമീപം നടത്തിയ ആക്രമണത്തിൽ ആറ് സൈനികർ കൊല്ലപ്പെട്ടു.വടക്കൻ വസീറിസ്ഥാനിലെ ഷാവാൽ താഴ്‌വരയിലെ സുരക്ഷാ പോസ്റ്റിനു നേരെയുണ്ടായ ആക്രമണത്തിൽ നേരത്തെ രണ്ട് സൈനികർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.