p-j-joseph-sreerama-krish

തിരുവനന്തപുരം: ജോസഫ് വിഭാഗം നേതാക്കളെ അയോഗ്യരാക്കണമെന്ന റോഷി അഗസ്റ്റിന്റെ അപേക്ഷയിൽ പി.ജെ ജോസഫ്, മോൻസ് ജോസഫ് എന്നിവർക്ക് സ്‌പീക്കറുടെ നോട്ടീസ്. അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് വിട്ടുനിൽക്കണമെന്ന വിപ്പ് പാലിക്കാത്തതിനെ തുടർന്നാണ് നോട്ടീസ്.

സർക്കാരിനെതിരായ അവിസ്വാസപ്രമേയ ചർച്ചയിൽ നിന്നും ജോസ് പക്ഷ എം.എൽ.എമാരായ റോഷി അഗസ്റ്റിനും ജയരാജും വിട്ടുനിന്നിരുന്നു. എന്നാൽ ജോസഫ് പക്ഷം യു.ഡി.എഫിനൊപ്പം നിന്ന് സർക്കാരിനെതിരെ വോട്ട് ചെയ്യുകയായിരുന്നു. ഇത് പാർട്ടി തീരുമാനത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള കോൺഗ്രസ് എമ്മിന്റെ ചീഫ് വിപ്പായ റോഷി അഗസ്‌റ്റിൻ സ്‌പീക്കർക്ക് പരാതി നൽകിയത്. ഈ പരാതിയിലാണ് അടിയന്തരമായി നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സ്‌പീക്കർ ഇരു എം.എൽ.എമാർക്കും നോട്ടീസ് നൽകിയിരിക്കുന്നത്.

അതേസമയം റോഷി അഗസ്റ്റിനും ജയരാജിനുമെതിരെ ജോസഫ് പക്ഷം സ്‌പീക്കർക്ക് പരാതി നൽകിയിരുന്നു. സർക്കാരിനെതിരെ വോട്ട് ചെയ്യണമെന്ന വിപ്പ് ജോസ് വിഭാഗം പാലിച്ചില്ലെന്നായിരുന്നു അവരുടെ പരാതി. ഈ പരാതി സ്‌പീക്കർ ഫയലിൽ സ്വീകരിച്ചെങ്കിലും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഇടതുമുന്നണി പ്രവേശനത്തിന് ജോസ് വിഭാഗം തയ്യാറെടുക്കുമ്പോഴാണ് സ്‌പീക്കറുടെ നീക്കം എന്നതും ശ്രദ്ധേയമാണ്.