കൊല്ലം നോർത്ത് മൈനാഗപ്പള്ളി കിടങ്ങയം കന്നിമേൽ അഞ്ജു ഭവനത്തിൽ അനിൽ കുമാറിന്റെയും രമാദേവിയുടെയും മകളായ അമൃതയ്ക്ക് വാസന സോപ്പ് കുളിക്കാൻ മാത്രമുള്ളതല്ല, ലോക റെക്കോർഡ് കൈക്കുമ്പിളിൽ എത്തിക്കാനുള്ള കരവിരുത് കൂടിയാണ്. സോപ്പിലും പെൻസിലിലും ജീവൻ തുടിക്കുന്ന ശില്പങ്ങൾ ഒരുക്കാൻ അമൃതയ്ക്ക് വേണ്ടത് നിമിഷങ്ങൾ മാത്രം.

അമൃത ശാസ്ത്രീയമായി ശിൽപകല പഠിച്ചിട്ടില്ല. പ്ലസ്ടു പഠന കാലത്ത് 'ഈച്ച' എന്ന സിനിമ കണ്ടതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ശിൽപകലയിലേക്ക് തിരിഞ്ഞത്.ഇതിനോടകം ചാംപിയൻസ്, സുപ്രീം ഗോൾഡ് എന്നീ ലോക റെക്കോഡുകൾ അമൃതയെ തേടിയെത്തി. ബാത്ത് സോപ്പുകളിലും ബാർ സോപ്പുകളിലും വ്യക്തികളുടെ മുഖങ്ങളും ആനുകാലിക സംഭവങ്ങളും പ്രകൃതിയുമൊക്കെയാണ് ഇതൾ വിരിയുന്നത്. മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൾ കലാം, ചലച്ചിത്ര നടന്മാരായ മോഹൻലാൽ, പൃഥിരാജ് തുടങ്ങി പൂക്കളും ജടായുപാറയും വരെ സോപ്പിലും പെൻസിലിലും അതിശയിപ്പിക്കുന്ന ശില്പങ്ങളായി.
ബി.എസ്.സി കെമസ്ട്രി ബിരുദധാരിയായ അമൃത പി.എസ്.സി പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിലും ഉൾപ്പെട്ടിട്ടുണ്ട്. ലോക്ഡൗൺ കാലം പൂർണമായും ശില്പ നിർമ്മാണത്തിന് മാറ്റിവച്ച അമൃത സ്വന്തമായൊരു യു ട്യൂബ് ചാനലും നടത്തുന്നു. മാതാപിതാക്കൾക്കൊപ്പം സഹോദരി അഞ്ജുവിന്റെ പിന്തുണയും അമൃതയുടെ കഴിവുകൾക്ക് ശക്തി പകരുന്നു