
മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് വിധിയെഴുതിയ ടിബറ്റൻ ബുദ്ധസന്യാസി ആദ്ധ്യാത്മിക ധ്യാനമുറയായ തുക്ടം എന്ന അപൂർവ്വ അവസ്ഥയിലേക്ക് കടന്നതായി റിപ്പോർട്ട്. വൈദ്യശാസ്ത്രപരമായി മരിച്ചെന്ന് വിധിയെഴുതിയാലും തുക്ടം എന്ന അവസ്ഥയിൽ പ്രവേശിക്കുന്നവരുടെ മൃതദേഹത്തിന് യാതൊരു കേടുപാടും സംഭവിക്കില്ലെന്നാണ് ടിബറ്റൻ വിശ്വാസം. സംരക്ഷണോപാധികളുടെ ഉപയോഗമില്ലാതെതന്നെ മൃതദേഹം ആഴ്ചകളോളം കേടില്ലാതെ കാണാൻ കഴിയുമെന്ന് ഇവർ കരുതുന്നു. ഭൗതിക ശരീരത്തിന് മരണം സംഭവിച്ചെങ്കിലും ബോധാവസ്ഥ നഷ്ടപ്പെടില്ലെന്ന പ്രതിഭാസമാണ് തുക്ടമെന്നാണ് ബുദ്ധമത വിശ്വാസം. ടിബറ്റൻ ആദ്ധ്യാത്മിക ഗുരുവായ ദലൈലാമയുടെ നേതൃത്വത്തിൽ ഈ അവസ്ഥയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചിരുന്നു. ജൂലായ് 14ന് മസ്തിഷ്‌ക മരണം സംഭവിച്ച ഗീഷെ ഗ്യറ്റ്‌സോ എന്ന ബുദ്ധ സന്യാസിയുടെ ഭൗതികശരീരം അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടു പോയിരുന്നു. അവിടെ പ്രാർത്ഥനകൾക്കായെത്തിയ ഗീഷെ നോർബു എന്ന സന്യാസിയാണ് ശരീരത്തിന് കേടുപാടുകൾ സംഭവിക്കുന്നില്ലെന്ന് കണ്ടെത്തിയത്. മരണം സംഭവിച്ചതിന്റെ ലക്ഷണങ്ങൾ ഒന്നും ശരീരത്തിൽ കാണാനുണ്ടായിരുന്നില്ലെന്നും അതുകൊണ്ടു തന്നെ തുക്ടം എന്ന അവസ്ഥയിലേക്ക് കടന്നെന്നുമാണ് ഇവർ കണ്ടെത്തിയത്. ഗീഷെ നോർബു ഇക്കാര്യം അറിയിച്ച് മൂന്നാം ദിവസം അന്താരാഷ്ട്ര ടിബറ്റൻ ബുദ്ധിസ്റ്റ് കേന്ദ്രം തലവൻ ജിഗ്മെ നംഗ്യാൾ കണ്ടെത്തലുകൾ ശരിവച്ചു. അഞ്ചാം ദിവസവും ശരീരാവശിഷ്ടങ്ങൾ പരിശോധിച്ചെങ്കിലും ജീർണ്ണിക്കുകയോ ദ്രവിക്കുകയോ ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. വൈദ്യശാസ്ത്ര രംഗത്തെ പ്രമുഖരും പരിശോധനകൾക്കായി എത്തിയെങ്കിലും മരണം സംഭവിച്ചതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ല.
ജൂലായ് 24നാണ് സന്യാസിയുടെ ശരീരം ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയത്. ജീവനുള്ള മനുഷ്യ ശരീരത്തോട് സമാനമായ രക്തസമ്മർദ്ദമാണ് മൃതദേഹത്തിന് ഉള്ളതെന്ന് പരിശോധനയിൽ കണ്ടെത്തി. ആന്തരികാവയവങ്ങളും ചർമ്മവുമെല്ലാം പരിശോധിച്ചു. ഇതിനുപുറമേ തലച്ചോറിന്റെ പ്രവർത്തനവും പരിശോധിച്ചിരുന്നു. ഗീഷെ ഗ്യറ്റ്‌സോയുടെ ശരീരം തുക്ടം എന്ന അവസ്ഥയിലേക്ക് പ്രവേശിച്ചെന്ന രേഖകളാണ് പിന്നീട് പുറത്തുവന്നത്.