
മലയാള സിനിമാ താരസംഘടനയായ അമ്മയ്ക്ക് (അസോസിയേഷൻ ഓഫ് മലയാളം മൂവി ആർടി്ര്രസ്സ്) തുറന്ന കത്തുമായി നടിമാരായ രേവതിയും പത്മപ്രിയയും.ഇടവേള ബാബു നടത്തിയ പരാമർശത്തിൽ സംഘടന നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നാണ് കത്തിൽ പറയുന്നത്. പാർവതി കഴിഞ്ഞ ദിവസം രാജി നൽകിയതിനെക്കുറിച്ച് പറഞ്ഞാണ് കത്തിന്റെ തുടക്കം.സിദ്ദിഖിനെതിരായ ആരോപണത്തിൽ സ്വീകരിച്ച നടപടി എന്താണെന്ന് ചോദിച്ച ഇരുവരും സംഘടനയെയും സിനിമ മേഖലയെയെയും അപമാനിക്കുന്ന അംഗങ്ങളുടെ പ്രസ്താവനകളിൽ എന്ത് നടപടി സ്വീകരിക്കുമെന്നും ചോദിച്ചു.

വിചാരണാഘട്ടത്തിലുള്ള ഒരു കേസിനെ കുറിച്ച് മോശമായി സംസാരിച്ച് സംഘടനയിലെ മറ്റ് അംഗങ്ങൾക്കിടയിൽ കേസിനെ വില കുറച്ച് കാണിക്കാൻ സംഘടനയിലെ തന്നെ ചില താരങ്ങൾ ശ്രമിക്കുന്നുണ്ട്. അതിനുദാഹരണമാണ് കഴിഞ്ഞ ദിവസം സംഘടനാ സെക്രട്ടറി ഇടവേള ബാബു നടത്തിയ പ്രസ്താവന. അൻപത് ശതമാനത്തിലേറെ വനിതകളുള്ള ഈ സംഘടനയിൽ അവരെ സംരക്ഷിക്കാനോ അവർക്ക് നീതി നൽകാനോ ശ്രമം ഉണ്ടാകില്ല എന്നതിന് ഉദാഹരണമാണ് ഇത്. ഇത്തരമൊരു സംഭവമുണ്ടായിട്ടും സംഘടനാ ഭാരവാഹികൾ മൗനം പാലിക്കുന്നതിനെ കുറിച്ചും കത്തിൽ പരമാമർശിച്ചിട്ടുണ്ട്.പുരുഷാധിപത്യത്തിലുള്ള സമാധാനം സ്ത്രീകൾക്കെതിരായ യുദ്ധമാണ് എന്ന മറിയ മൈസിന്റെ വാക്യത്തോടെയാണ് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.