mosqito

മനുഷ്യന് ഏ‌റ്റവുമധികം പ്രയാസങ്ങൾ സൃഷ്‌ടിക്കുന്ന പ്രാണിവർഗങ്ങളിൽ പെട്ട ഒന്നാണ് കൊതുക്. കടിച്ചാലുള‌ള വേദനയും അസ്വസ്ഥതയും മാത്രമല്ല മാരകമായ രോഗങ്ങളും മനുഷ്യന് പകർത്തി നൽകുന്നതിൽ മുൻപന്തിയിലുണ്ട് കൊതുകുകൾ. ഡെങ്കിപനി, മലേറിയ, പിത്തപനി എന്നിങ്ങനെ മാരക രോഗങ്ങളാണ് കൊതുക് കടി മൂലം മനുഷ്യർക്കുണ്ടാകുന്നത്. പക്ഷെ എന്തുകൊണ്ടാണ് കൊതുകുകൾ മനുഷ്യരക്തം കുടിക്കാൻ എത്തുന്നത് എന്നതിന്റെ കാരണം ഗവേഷണത്തിലൂടെ ഇപ്പോൾ പുറത്തുവരികയാണ്.സാധാരണ ആഹാരത്തിലെ പോലെ മധുരമോ ഉപ്പോ കാരണം വരുന്നതല്ല കൊതുകുകൾ. അമേരിക്കയിൽ ന്യൂയോർക്കിലെ ദി റോക്ഫെല്ലെർ സർവകലാശാല നടത്തിയ പഠനത്തിലാണ് കൊതുക് കടിയെ കുറിച്ച് പുതിയ വിവരങ്ങൾ ലഭ്യമായത്.

പെൺ കൊതുകുകൾ മാത്രമാണ് മനുഷ്യന്റെ ചോര കുടിക്കുക. അവയുടെ മുട്ടകളിടുന്ന സമയമാകുമ്പോൾ അവയുടെ ശരിയായ വികാസത്തിന് മനുഷ്യ രക്തം കൂടിയേ തീരു. ഈഡിസ് ഈജിപ്‌തി വിഭാഗത്തിലെ പെൺ കൊതുകുകൾക്ക് രക്തവും പൂന്തേനും തിരിച്ചറിയാൻ നല്ല കഴിവുണ്ട്. സിക്ക വൈറൽ രോഗം,പിത്തപനി,ഡെങ്കിപനി, ചിക്കുൻഗുനിയ എന്നിവ പടർത്തുന്ന കൊതുകുകളാണിവ. ചോര കുടിക്കുമെങ്കിലും മ‌റ്റ് പ്രാണികളെപോലെ പൂന്തേനുണ്ടാണ് പ്രധാനമായും ഇവയും കഴിയുന്നതെന്ന് 'ന്യൂറോൺ' മെഡിക്കൽ വാരികയിൽ വന്ന പഠനത്തിൽ പറയുന്നു. വർഷം മൂന്ന് ലക്ഷത്തോളം പേരുടെ ജീവൻ അപകടത്തിലാക്കുന്നതിൽ കൊതുക് മുഖ്യപങ്ക് വഹിക്കുന്നുണ്ട്. രക്തം തിരിച്ചറിയാനുള‌ള സഹജമായ ഇവയുടെ കഴിവ് ലോകത്ത് പല രോഗങ്ങളും പടരാൻ ഇടയാക്കി.

ജനിതകമായി പരിഷ്‌കാരം വരുത്തിയ പെൺകൊതുകുകളിലാണ് വിദഗ്‌ധർ പഠനം നടത്തിയത്. രക്തത്തിനും പൂന്തേനിനും പകരം അവ കൃത്രിമമായി നിർമ്മിച്ച രക്തം കുടിക്കുമ്പോൾ ഇവയുടെ ശരീരഭാഗങ്ങൾ പ്രത്യേകം തിളങ്ങുന്നത് ഗവേഷകർ കണ്ടെത്തി. ഇതിലൂടെ ഏതെല്ലാം ഭാഗങ്ങളാണ് ചോര കുടിക്കുമ്പോഴും പൂന്തേൻ ഉണ്ണുമ്പോഴും പ്രവർത്തിക്കുകയെന്ന് ഗവേഷകർ കൃത്യമായി കണ്ടെത്താനായി. ശരിക്കുള‌ള രക്തങ്ങൾ കുടിക്കുമ്പോഴും സിന്ത‌റ്റിക് രക്തം കുടിക്കുമ്പോഴും ഒരു വിഭാഗം ന്യൂറോണുകളാണ് കൊതുകിൽ സ‌ജീവമായി കണ്ടത്.

എന്നാൽ മനുഷ്യരക്തം എങ്ങനെയാണ് കൊതുകിന് രുചിയായി തോന്നുക എന്നത് ഗവേഷകർക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. കൊതുകിന്റെ നീളമേറിയ കൊമ്പുകൾ തൊലിക്കടിയിൽ രക്തം ഏ‌റ്രവുമധികം എവിടെയെന്ന് കണ്ടെത്താൻ സഹായിക്കും. കൊതുകുകളിൽ രക്തത്തിന്റെ സ്വാദിനോട് പ്രതികരിക്കുന്നവ മാത്രമല്ല ഊഷ്‌മാവും മനസ്സിലാക്കുന്നവ ഉണ്ട്. ശരീര ഗന്ധവും ഇത്തരത്തിൽ കൊതുകുകൾ മനസ്സിലാക്കുന്നുണ്ടെന്നും പഠനഫലം പറയുന്നു.