
ന്യൂഡൽഹി : തങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഡൽഹിയിലേക്ക് താമസം മാറണമെന്ന ആവശ്യവുമായി ഹാഥ്‌രസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം. ഗ്രാമത്തിൽ നിന്നും ഡൽഹിയിലേക്ക് മാറാൻ സഹായം ആവശ്യപ്പെട്ട് കുടുംബം ഉത്തർപ്രദേശ് സർക്കാരിനെ സമീപിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ സഹോദരൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കേസ് ഉത്തർപ്രദേശിന് പുറത്തേക്ക് മാറ്റണമെന്നും കുടുംബം ആവശ്യപ്പെട്ടു. നിലവിൽ സി.ബി.ഐയ്ക്കാണ് കേസിന്റെ അന്വേഷണ ചുമതല. അന്വേഷണത്തിന്റെ ഭാഗമായി പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ ഉൾപ്പെടെ സി.ബി.ഐ ചോദ്യം ചെയ്ത് തെളിവ് ശേഖരണം നടത്തിയിരുന്നു.
അതേ സമയം, അന്വേഷണം പൂർത്തിയായതായും ഉടൻ തന്നെ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്നും ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ച സ്പെഷ്യൽ ഇൻവെസ്‌റ്റിഗേഷൻ ടീം അറിയിച്ചിരുന്നു. കേസ് സി.ബി.ഐയ്ക്ക് കൈമാറിയതിന് ശേഷവും സ്പെഷ്യൽ ടീം അന്വേഷണം തുടർന്നിരുന്നു.