
വെല്ലിംഗ്ടൺ: കഞ്ചാവ്, ദയാവധം എന്നിവ നിയമവിധേയമാക്കണോ എന്നതു സംബന്ധിച്ച് ന്യൂസിലാൻഡിൽ ഇന്ന് ജനഹിത പരിശോധന നടക്കും. ദയാവധം നിയമവിധേയമാകാൻ സാദ്ധ്യത ഉണ്ടെന്നാണ് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ കഞ്ചാവ് ജനഹിത പരിശോധന എന്ന കടമ്പ കടക്കുമോ എന്ന സംശയവും റിപ്പോർട്ട് ഉന്നയിക്കുന്നുണ്ട്.
ന്യൂസിലാൻഡിലെ പൊതു തെരഞ്ഞെടുപ്പിനൊടൊപ്പമാണ് ഈ രണ്ട് കാര്യങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത്. ജനപ്രിയ പ്രധാനമന്ത്രിയായ ജസീന്ത ആർഡേൻ രണ്ടാമതും വിജയം ഉറപ്പിച്ചിരിക്കുകയാണ്. നാഷണൽ പാർട്ടിയുടെ ജൂഡിത്ത് കോളിൻസാണ് മുഖ്യ എതിർ സ്ഥാനാർത്ഥി.
കഞ്ചാവ് നിയമ വിധേയമാക്കാനുള്ള നീക്കം ജനഹിത പരിശോധനയിൽ പരാജയപ്പെടാനാണ് സാദ്ധ്യതയെന്ന് ഓക്ക്ലാൻഡ് സർവകലാശാലയിലെ അദ്ധ്യാപികയായ ലാറ ഗ്രീവ്സ് പറഞ്ഞു. "ചികിത്സയുടെ ഉപയോഗത്തിനല്ലാതെ വിനോദത്തിന് കഞ്ചാവ് ഉപയോഗിക്കുന്നതിലേക്ക് ഇത് നീങ്ങുമെന്നതാണ് പ്രശ്നം." അവർ പറഞ്ഞു.
അതേസമയം, കഞ്ചാവ് ജനഹിത പരിശോധനയിൽ വിജയിക്കണമെങ്കിൽ യുവാക്കൾ വലിയതോതിൽ വോട്ട് ചെയ്യേണ്ടിവരും. തന്റെ താൽപര്യം എന്താണെന്ന് വ്യക്തമാക്കാൻ ജസീന്ത വിസമ്മതിച്ചിരുന്നു. ആളുകൾ തീരുമാനിക്കട്ടെ എന്നാണ് അവർ പറഞ്ഞത്. ആളുകൾ നേതാക്കളെ പിന്തുടരുന്ന പ്രവണതയാണ് കാണിക്കുന്നത്. എന്നാൽ ചെറുപ്പത്തിൽ കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി സമ്മതിച്ചിരുന്നു.