election

ആലുവ: ആറാം വട്ടവും ആലുവ നഗരസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന മുതിർന്ന വനിതാ കൗൺസിലർക്ക് ഇക്കുറി ബാധ്യത രഹിത സർട്ടിഫിക്കറ്റില്ല. 2012ൽ മണപ്പുറത്തേക്ക് ശിവരാത്രി നാളിൽ താത്കാലിക നടപ്പാലം നിർമ്മിക്കുന്നതിനായി നൽകിയ 7.5 ലക്ഷം രൂപ തിരിച്ചടക്കാത്തതിന്റെ പേരിലാണ് കൗൺസിലർ കെ.വി. സരളക്ക് സെക്രട്ടറി ടോബി തോമസ് ബാധ്യതരഹിത സർട്ടിഫിക്കറ്റ് നിഷേധിച്ചത്.

അഞ്ച് വട്ടവും കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ഇവർ കന്നി മത്സരത്തിൽ മാത്രമാണ് തോൽവിയറിഞ്ഞത്. പുതിയ സാഹചര്യത്തിൽ 2015ൽ ഇവർക്ക് ബാധ്യതരഹിത സർട്ടിഫിക്കറ്റ് നൽകിയ നഗരസഭ സെക്രട്ടറിക്കും പുലിവാലാകും. 2012ൽ ഫയൽ നമ്പർ ഇ 17932 പ്രകാരം പണം തിരിച്ചടക്കാത്തതിനാൽ നഗരസഭ ഡിമാന്റ് നോട്ടീസ് നൽകിയിട്ടുണ്ടെന്നും തുടർ നടപടിക്കായി ആലുവ മുൻസിഫ് കോടതിയിൽ ഒ.എസ് നമ്പർ 131/2015 പ്രകാരം കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും കൗൺസിലർക്ക് കഴിഞ്ഞ ദിവസം സെക്രട്ടറി രേഖാമൂലം മറുപടി നൽകി.

തുക നഗരസഭയിൽ അടക്കാത്തതിനാലും കേസിൽ കോടതി സ്റ്റേ നൽകാത്തതിനാലും ബാധ്യതരഹിത സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്നും മറുപടിയിലുണ്ട്. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റായിരുന്ന സരള ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദയോട് അപമര്യാദയായി പെരുമാറിയതിന് മൂന്ന് വർഷം മുമ്പ് പാർട്ടിയിൽ നിന്നും പുറത്തായതാണ്. നേരിയ ഭൂരിപക്ഷമുള്ള ഇവർ കൗൺസിലിൽ പലപ്പോഴും ഭരണപക്ഷത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതോടെ തിരിച്ചെടുക്കാൻ കഴിയാത്ത വിധം സരളയും പാർട്ടിയും രണ്ട് വഴിക്കായി.

ഇവർ പിന്നീട് ബി.ജെ.പിക്കും സ്വതന്ത്ര കൗൺസിലർമാർക്കുമൊപ്പമായിരുന്നു. ഇക്കുറി എട്ടാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ നീക്കമുണ്ടെന്നറിഞ്ഞ കോൺഗ്രസ് സരളയുടെ വരവ് തടയുന്നതിനായി ബാധ്യത സംബന്ധിച്ച് നഗരസഭയിൽ വിവരാവാകശ അപേക്ഷ നൽകി. കെ.വി. സരള പ്രസിഡന്റായ ആലുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഉപദേശക സമിതിയാണ് 2012ൽ മണപ്പുറത്തേക്കുള്ള താത്കാലിക പാലം നിർമ്മിക്കാനുള്ള കരാറെടുത്തത്. പാലത്തിലുള്ള ടോളിൽ നിന്ന് ലഭിക്കുന്ന തുകയിൽ നിന്ന് നഗരസഭ നൽകിയ അഡ്വാൻസ് തുക തിരിച്ചടയ്ക്കണമെന്നായിരുന്നു കരാർ. 2012 ഫെബ്രുവരി 29ന് മുമ്പായി തുക മടക്കി നൽകാമെന്നായിരുന്നു വ്യവസ്ഥ.

ഇതുസംബന്ധിച്ചുണ്ടായ കേസിൽ പണം തിരിച്ചടക്കുന്നതിന്റെ ഉത്തരവാദിത്വം കെ.വി. സരളക്കാണെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. തിരിച്ചടക്കുന്നതിൽ വീഴ്ച്ചയുണ്ടായാൽ സ്വത്തുവകകൾ പിടിച്ചെടുക്കാമെന്നും സരള സമ്മതിച്ചിരുന്നു. ഈ വ്യവസ്ഥകളാണിപ്പോൾ സരളക്ക് പുലിവാലായത്.