
ന്യൂഡൽഹി: ഇന്ത്യയിലും ദക്ഷിണേഷ്യൻ രാജ്യങ്ങളിലും സംപ്രേഷണം അവസാനിപ്പിച്ച് അമേരിക്കൻ ടെലിവിഷൻ ചാനലുകളായ എച്ച്.ബി.ഒയും ഡബ്ള്യു.ബിയും.
പാകിസ്ഥാൻ, മാലിദ്വീപ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ ഡിസംബർ 15 ന് ചാനലുകൾ സംപ്രേഷണം നിറുത്തും. ഉടമസ്ഥരായ വാർണർ മീഡിയ ഇന്റർനാഷണൽ ആണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, വാർണർ മീഡിയയുടെ കുട്ടികളുടെ ചാനലായ കാർട്ടൂൺ നെറ്റ്‌വർക്കും പോഗോയും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സംപ്രേഷണം തുടരും.
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ഇന്ത്യയിലെ സംപ്രേഷണമാണ് എച്ച്.ബി.ഒ അവസാനിപ്പിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് പ്രേഷകർ മാറിയതും കൊവിഡ് മൂലമുണ്ടായ പ്രതിസന്ധിയുമാണ് ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഇന്ത്യയിൽ ഡിസ്നി + ഹോട്സ്റ്റാർ എന്നിവയുമായുള്ള കരാർ അനുസരിച്ചുള്ള കണ്ടന്റ് ഷെയറിംഗ് ഇനിയും തുടരും. മുംബയ്, ഡൽഹി, ബംഗളൂരു എന്നിവിടങ്ങളിലെ ഓഫീസുകൾ കുട്ടികളുടെ ചാനലുകളുടെ മേൽനോട്ടത്തിനായി പ്രവർത്തിക്കും. വാർണർ മീഡിയയുടെ തന്നെ ഉടമസ്ഥതയിലുള്ള വാർത്താ ചാനലായ സി.എൻ.എൻ ഇന്റർനാഷണലിന്റെ ഓപറേഷൻസ്, സെയിൽസ്, മാർക്കറ്റിംഗ് വിഭാഗങ്ങളും ഇവിടങ്ങളിലെ ഓഫിസുകളിൽ നിന്നായിരിക്കും പ്രവർത്തനം നടത്തുക.