coconut-smashes

അമരാവതി: തേങ്ങ പൊട്ടിക്കുന്നത് ചിലർക്ക് നിസാരമാണ്. മറ്റു ചിലർക്ക് ഒരിക്കലും റെഡിയാവാത്ത കാര്യവും. എന്നാൽ കണ്ണുകെട്ടി തേങ്ങ പൊട്ടിച്ച് ഗിന്നസ് ലോക റെക്കാർഡ് നേടിയിരിക്കയാണ് ആന്ധ്രാപ്രദേശിലെ ആയോധനകല അദ്ധ്യാപകനായ പ്രഭാകർ റെഡ്ഡിയും ശിഷ്യൻ ബോയില്ല രാകേഷും. ഒരു മിനിട്ടിൽ 49 തേങ്ങ പൊട്ടിച്ചാണ് ഇവർ റെക്കാ‌ർഡിട്ടത്.

അതും വെറുതെ ഉടയ്ക്കുകയല്ല. കണ്ണിന് മുകളിൽ ഉപ്പ് വിതറി കറുത്ത തുണി കൊണ്ട് മൂടിക്കെട്ടി പൂർണമായും കണ്ണ് കാണാതെയാണ് റെഡ്‌ഡി ഈ റെക്കാർഡ് സ്വന്തമാക്കിയത്.

ശിഷ്യനായ ബോയില്ല പ്രകാശ് നിലത്ത് കൈകാലുകൾ വിരിച്ച് കിടന്നു. ബോയില്ലയ്ക്ക് ചുറ്റും നിരത്തിയ തേങ്ങകൾ ചു‌റ്റിക കൊണ്ട് പ്രഭാകർ റെഡ്‌ഡി അടിച്ച് പൊട്ടിച്ചു. ഒരു മിനിട്ടിനകം 49 തേങ്ങകൾ പ്രഭാകര റെഡ്‌ഡി തകർത്തു. പൊട്ടിച്ച തേങ്ങകളെല്ലാം ഗ്രാമത്തിലെ ജീവികൾക്ക് ഭക്ഷിക്കാനായി നൽകി മാതൃകയാകുകയും ചെയ്‌തു പ്രഭാകർ.

ആറു മാസത്തെ കഠിന പരിശീലനത്തിനൊടുവിലാണ് ഇത്തരമൊരു അഭ്യാസം വിജയകരമായി പൂർത്തീകരിച്ചതെന്ന് പ്രഭാകർ പറഞ്ഞു.

' 35 തേങ്ങകൾ ലക്ഷ്യമിട്ടാണ് ഈ പ്രകടനം തുടങ്ങിയതെന്നും എന്നാൽ, പ്രതീക്ഷിച്ചതിലധികം തേങ്ങകൾ പൊട്ടിക്കാൻ സാധിച്ചുവെന്നും" പ്രഭാക‌ർ വ്യക്തമാക്കി. ഇതിന് മുമ്പും പല റെക്കാഡുകളും നേടിയിട്ടുള്ളയാളാണ് പ്രഭാകർ.

റെഡ്‌ഡി തേങ്ങ ഉടക്കുന്നതിന്റെ വീഡിയോ ലക്ഷക്കണക്കിന് പേരാണ് ഇതുവരെ കണ്ടത്.