
കൊല്ലം: പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ ക്രൈബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ക്ഷേത്രഭാരവാഹികളും വെടിക്കെട്ട് നടത്തിയവരും അടക്കം 52 പേരാണ് പ്രതിപ്പട്ടികയിൽ ഉളളത്. അപകടമുണ്ടാകാനുളള സാദ്ധ്യത ഉണ്ടെന്നറിഞ്ഞിട്ടും കൂടുതൽ വെടിമരുന്ന് ശേഖരിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്. പരവൂർ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
വലിയ വെടിക്കെട്ട് നടത്തരുതെന്ന് ഉദ്യോഗസ്ഥർ രേഖാമൂലവും അല്ലാതെയും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഈ നിർദ്ദേശങ്ങൾ പാലിക്കാൻ ക്ഷേത്ര ഭാരവാഹികളും വെടിക്കെട്ട് നടത്തിപ്പുകാരും തയ്യാറായില്ല. അതിനാലാണ് ഇത്രവലിയ ദുരന്തം ഉണ്ടായതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയെന്ന് ജുഡീഷ്യൽ കമ്മിഷൻ നേരത്തേ കണ്ടെത്തിയിരുന്നു. എന്നാൽ ആ കണ്ടെത്തൽ ക്രൈംബ്രാഞ്ച് നൽകിയ കുറ്റപത്രത്തിൽ പറഞ്ഞിട്ടില്ല. ഉദ്യോഗസ്ഥർക്കെല്ലാം ക്ളീൻചിറ്റ് നൽകുന്നതാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം.
2016 ഏപ്രിൽ പത്തിന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു പുറ്റിങ്ങൽ അപകടം. 110പേരാണ് മരിച്ചത്. എഴുനൂറോളംപേർക്കാണ് പരിക്കേറ്റത്. വീടുകൾ ഉൾപ്പടെ നിരവധി കെട്ടിടങ്ങളും തകർന്നു.