
വാഷിംഗ്ടൺ: സാഹസികത ഇഷ്ടപ്പെടുന്നവരാണ് വിനോദ സഞ്ചാരികളിൽ ഏറെയും. അത്തരത്തിലുള്ള സ്പെഷ്യൽ പാക്കേജുകളും ടൂർ ഗൈഡിലുണ്ടാകും. നിലവിൽ സോഷ്യൽ മീഡിയയിൽ ട്രെൻഡാകുന്നത് ഒരു യുവാവിന്റെ സാഹസിക നീന്തലാണ്. അങ്ങ് ഫ്ളോറിഡയിലാണ് സംഭവം. ഒരു ബോട്ടിൽ നിന്ന് കടലിലേക്ക് ചാടി നീന്തുന്ന യുവാവിന് സമീപത്തായി രണ്ടു കക്ഷികളെത്തുന്നു. ആരാണെന്നല്ലേ... രണ്ട് രസികൻ ചീങ്കണ്ണികൾ. യുവാവ് ഇവരുമായി സന്തോഷത്തോടെ നീന്തൽ തുടരുന്നു. ഇതിനിടെ ചീങ്കണ്ണികളിൽ ഒരാൾ യുവാവിനു നേരെ ആക്രമണം നടത്തുന്നു. ആദ്യം കളിയായി കരുതിയെങ്കിലും പിന്നീട് സംഗതി കാര്യമായി. ഭയന്ന് വിറച്ച യുവാവ് പെട്ടന്നു തന്നെ ബോട്ടിലേക്ക് തിരികെ കയറുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. തലനാരിഴയ്ക്കാണ് ഇയാൾ ചീങ്കണ്ണിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും പത്ത് ലക്ഷത്തോളം പേർ കാണുകയും ചെയ്തു. യുവാവിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
അപകടകാരികളല്ലാത്ത ജീവികൾക്കൊപ്പം കളിക്കാനും നീന്താനുമൊക്കെ വിനോദ സഞ്ചാരികളെ അനുവദിക്കുന്ന പല രാജ്യങ്ങളുമുണ്ടെങ്കിലും ഇത്തരം അപകടം നിറഞ്ഞ സാഹസികത ഒഴിവാക്കണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
 ബഹമാസിലെ കടലിൽ സഞ്ചാരികൾക്ക് കാട്ടുപന്നികൾക്കൊപ്പം നീന്താൻ കഴിയും
 സിംഗപ്പൂരിൽ ഡോൾഫിനുകൾക്കൊപ്പം നീന്താനും സർഫിംഗ് നടത്താനും അവസരം
 മലേഷ്യയിൽ കൂട്ടിനെത്തുക കടലാമയാണ്