
വാഷിംഗ്ടൺ: നാമെല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഭക്ഷണ പദാർത്ഥമാണ് ന്യൂഡിൽസ്. ന്യൂഡിൽസ് ഏറെ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ, നിങ്ങൾക്കായിതാ കുറച്ച് ചോദ്യങ്ങളുണ്ട്.
നിങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം ന്യൂഡിൽസ് ആണോ? പ്രാതലായാലും, ഉച്ചഭക്ഷണം ആയാലും, അത്താഴം ആണെങ്കിലും ന്യൂഡിൽസ് കിട്ടിയാൽ നിങ്ങൾ സന്തോഷവാനാണോ? മഴയായാലും വെയിൽ ആയാലും ന്യൂഡിൽസ് ആസ്വദിച്ചു കഴിക്കുന്ന കൂട്ടത്തിലാണോ? നാളെ നിങ്ങൾ മരിക്കും എന്നറിഞ്ഞാൽ അവസാനമായി കഴിക്കാൻ ആഗ്രഹമുള്ള ഭക്ഷണം ഏത് വേണം എന്ന് ചോദിച്ചാൽ ഉത്തരം ന്യൂഡിൽസ് ആണോ? മേൽപ്പറഞ്ഞ ചോദ്യങ്ങളുടെ ഉത്തരം അതെ എന്നാണെങ്കിൽ നിങ്ങൾക്കായി കൊതിപ്പിക്കുന്ന ഒരു ജോലി കാത്തിരിപ്പുണ്ട്. ചീഫ് ന്യൂഡിൽസ് ഓഫീസറുടെ പോസ്റ്റ്.
പ്രശസ്ത ന്യൂഡിൽസ് ബ്രാൻഡ് ആയ ടോപ് - രാമെന്റെ മാതൃകമ്പനിയായ നിസിൻ ഫുഡ്സ് ആണ് ലോകത്തെ ആദ്യ ചീഫ് ന്യൂഡിൽസ് ഓഫീസറെ തിരയുന്നത്. ബ്രാൻഡിന്റെ അൻപതാം വാർഷികം പ്രമാണിച്ച് ഒക്ടോബർ ആദ്യം ഇൻസ്റ്റാഗ്രാമിൽ ആണ് പുതിയ ജോലിയെപ്പറ്റി നിസിൻ ഫുഡ്സ് കുറിച്ചത്.
ചീഫ് ന്യൂഡിൽസ് ഓഫീസറാവാൻ ടോപ് - രാമെന്റെ ന്യൂഡിൽസ് ഉപയോഗിച്ച് നിങ്ങൾ വെറൈറ്റി വിഭവം തയ്യാറാക്കണം. അതിന് ശേഷം #howdoyoutopramen എന്ന ഹാഷ്ടാഗോടെ വിഭവത്തിന്റെ ഫോട്ടോ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കണം. തിരഞ്ഞെടുക്കപ്പെട്ടാൽ ന്യൂഡിൽസ് കൊതിയന്മാർ മോഹിക്കുന്ന അവസരങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.
 അടിച്ചു മോനേ...
കമ്പനിയുടെ എല്ലാ പുത്തൻ ന്യൂഡിൽസ് ഫ്ലേവറുകളും ആദ്യം രുചിച്ച് നോക്കാനുള്ള അവസരവും നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള ചേരുവകൾ ചേർത്ത് ടോപ്-രാമെൻ ന്യൂഡിൽസ് ഫ്ലേവർ നിർദ്ദേശിക്കാനുള്ള അവസരവും ലഭിക്കും. ഒപ്പം പ്രതിഫലമായി ലഭിക്കുന്ന തുക എത്രയെന്നോ? 10,000 ഡോളർ, ഏകദേശം 7.3 ലക്ഷം ഇന്ത്യൻ രൂപ.
എന്നാൽ പിന്നെ ന്യൂഡിൽസ് ഉപയോഗിച്ച് ഒന്നൊന്നര വിഭങ്ങളുണ്ടാക്കി ചീഫ് ന്യൂഡിൽസ് ഓഫീസർ ആയിട്ടുതന്നെ കാര്യം എന്ന് ചിന്തിക്കാൻ വരട്ടെ. അമേരിക്കയിൽ താമസിക്കുന്ന 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമാണ് ഈ അവസരം.