
ശബരിമല ശ്രീധർമ്മ ശാസ്‌താവിനായി 'ഹരിവരാസനം' രചിച്ച് നടൻ ഇബ്രാഹിംകുട്ടി. അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനത്തിൽ നിന്ന് വ്യത്യസ്‌തമായി കഥാരൂപത്തിലാണ് ഇബ്രാഹിംകുട്ടി രചന നിർവഹിച്ചിരിക്കുന്നത്. 12 വർഷത്തിലൊരിക്കൽ ശബരിമലയിൽ നടക്കാറുള്ള അഷ്‌ടബന്ധചടങ്ങുമായി ബന്ധപ്പെടുത്തിയാണ് കഥ പുരോഗമിക്കുന്നത്. അഷ്ടബന്ധത്തിന്റെ തലേന്നാൾ അയ്യപ്പന്റെ മനോവിചാരം എന്തായിരിക്കാം എന്ന സങ്കൽപ്പത്തിലാണ് തന്റെ കഥാരചനയെന്നും ഇബ്രാഹിംകുട്ടി വ്യക്തമാക്കുന്നുണ്ട്.
ആചാരങ്ങളിലും അനുഷ്‌ഠാനങ്ങളിലും മനംനൊന്ത് അച്ഛനായ പരമശിവനെയും അമ്മയായ മഹാവിഷ്‌ണുവിനെയും (മോഹിനി) കാണാൻ പതിനെട്ടാംപടിയിറങ്ങി യാത്രയാകുന്ന ധർമ്മശാസ്‌താവാണ് കഥയിലെ 'നായകൻ'. 'ഹരിവരാസനം' എന്ന് പേരിട്ടിരിക്കുന്ന കഥ, തന്റെ യൂട്യൂബ് ചാനലായ ഇബ്രൂസ് ഡയറിയിലൂടെയാണ് ഇബ്രാഹിംകുട്ടി പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.