
മഹാദേവിയുടെ വിവിധ ഭാവങ്ങളെ ഉപാസിക്കുന്നതിന്റെ പ്രതീകമാണ് നവരാത്രി ഉത്സവം. ഭാരതത്തിൽ ദേവിയെ കാളിയായും ദുർഗയായും ലക്ഷ്മിയായും സരസ്വതിയായും പൂജിക്കുന്നു. വാഗ്‌ദേവതയായ ശാരദയെ (സരസ്വതി) സ്തുതിച്ചുകൊണ്ട് ശ്രീനാരായണഗുരുദേവൻ രചിച്ചതാണ് പ്രശസ്തമായ ജനനീ നവരത്നമഞ്ജരി. ശാരദാദേവിയെ ശിവഗിരിയിൽ പ്രതിഷ്ഠിച്ചതിനോടനുബന്ധിച്ചാണ് ഒമ്പത് ശ്ളോകങ്ങളുള്ള ഇൗ കൃതി രചിച്ചത്.
ജനനീ നവരത്ന മഞ്ജരി
1
ഒന്നായ മാമതിയിൽ നിന്നായിരം ത്രിപുടി-
വന്നാശുതൻ മതിമറ-
ന്നന്നാദിയിൽ പ്രിയമുയർന്നാടലാം കടലി-
ലൊന്നായി വീണുവലയും
എന്നാശയം ഗതിപെറും നാദഭൂമിയില-
മർന്നാവിരാഭപടരും
ചിന്നാഭിയിൽ ത്രിപുടിയെന്നാണറുംപടി
കലർന്നാറിടുന്നു ജനനീ
സാരം :- ഏകമായ പരബ്രഹ്മസത്തയിൽ നിന്ന് ആയിരക്കണക്കിന് ജ്ഞാതൃജ്ഞാനജ്ഞേയ രൂപങ്ങൾ ഉത്ഭവിച്ചുപൊന്തിയതോടെ മായാസൃഷ്ടി ആരംഭിച്ചു. പെട്ടെന്ന് താൻ അദ്വയ പരമാത്മ സ്വരൂപമാണെന്നുള്ള നിജബോധം ആത്മാവിന് നഷ്ടമായി. സ്വരൂപസ്മൃതി അന്യമായതോടു കൂടി ജഡദൃശ്യങ്ങളിൽ കൗതുകം വളർന്നു. അതിന്റെ ഫലമായി ദുഃഖഭൂയിഷ്ടമായ സംസാര സമുദ്റത്തിൽ മുങ്ങിവലയാൻ ഇടയായ എന്റെ ഹൃദയത്തിന് (മനസിന്) സത്യസ്വരൂപത്തെക്കാണിച്ചു തരുന്ന നാദഭൂമിയിൽ ഏകീഭൂതമായി പ്രപഞ്ചകാരണ ജ്ഞാനസത്തയിൽ ത്രിപുടി നിശ്ശേഷം കെട്ടടങ്ങി (പ്രപഞ്ച ഉപശമനം ഉണ്ടായി) ആത്മബോധമുണ്ടാകുന്നത് എന്നാണമ്മേ.
കൃതിയുടെ ധ്യാനശ്ലോകമായി ഇതിനെ നമുക്ക് പരിഗണിക്കാം.
വ്യാഖ്യാനം - സ്വാമി പ്രണവസ്വരൂപാനന്ദ,
ശ്രീനാരായണ തപോവനം,
ചേർത്തല, ആലപ്പുഴ.