
തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എൽ.ഡി.എഫിൽ ഉൾപ്പെടുത്താൻ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം. ഘടകകക്ഷികളുടെ ആശങ്കകൾ പരിഹരിക്കാനും എൽ.ഡി.എഫ് യോഗത്തിൽ നിലപാട് അറിയിക്കാനും സെക്രട്ടറിയേറ്റ് സംസ്ഥാന സെക്രട്ടറിയെ ചുമതലപ്പെടുത്തി.
സംസ്ഥാനത്ത് ഭരണ തുടർച്ച ഉറപ്പാക്കുന്നതിന് ജോസ് കെ മാണി വിഭാഗത്തിന്റെ പിന്തുണ നിർണായകമാണെന്ന് സെക്രട്ടറിയറ്റ് വിലയിരുത്തി. അതുകൊണ്ടു തന്നെ അവരെ മുന്നണിയിൽ ഉൾപ്പെടുത്തുന്നത് തന്നെയാണ് നല്ലത്. വിമർശനങ്ങൾ ഒഴിവാക്കുന്നതിനും ഇതു തന്നെയാണ് നല്ലതെന്ന തീരുമാനത്തിലേക്കാണ് സെക്രട്ടറിയേറ്റ് എത്തിയിരിക്കുന്നത്. പുറത്തുനിന്നുളള സഹകരണമല്ല, ജോസ് കെ മാണി വിഭാഗത്തെ ഘടകകക്ഷിയായി തന്നെ ഉൾപ്പെടുത്തണമെന്ന തീരുമാനത്തിലേക്കാണ് സെക്രട്ടറിയേറ്റ് എത്തിച്ചേർന്നിരിക്കുന്നത്.
അതേസമയം നിയമസഭ സീറ്റുകളുമായി ബന്ധപ്പെട്ട വിശദമായ ചർച്ചകൾ നടന്നിട്ടില്ല. നിയമസഭ സീറ്റ് ചർച്ച പുറത്തുവരികയാണെങ്കിൽ അത് വലിയ തർക്കത്തിലേക്ക് എത്താനുള്ള സാദ്ധ്യതയുണ്ട്. അതിനാൽ വളരെ ജാഗ്രതയോടെ സമീപിക്കാനാണ് സെക്രട്ടറിയേറ്റ് തീരുമാനിച്ചിരിക്കുന്നത്. ഓരോ ഘടകകക്ഷിയോടും അവരുടെ അഭിപ്രായങ്ങൾ കേട്ട ശേഷം ഇക്കാര്യത്തിൽ തീരുമാനം എടുത്താൽ മതിയെന്ന നിലപാടിലേക്കാണ് സെക്രട്ടറിയേറ്റ് എത്തിയത്.
അതേസമയം നേരത്തെ ജോസ് കെ മാണിയുമായി നടത്തിയ ചർച്ചകൾ പ്രകാരം പാലാ സീറ്റ് അവർക്കുളളതാണെന്ന തീരുമാനത്തിലാണ് സി.പി.എം. എന്നാൽ ഇതിന് എൽ.ഡി.എഫിന്റെ അംഗീകാരം വേണം. അതിനു മുമ്പ് എൻ.സി.പി ഉൾപ്പടെ ഘടകകക്ഷികളുമായി ചർച്ചകളും നടത്തണം. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐയുമായാണ് വിഷയത്തിൽ സി.പി.എം. ആദ്യം ചർച്ച നടത്തുക. ചർച്ച ഇന്നലെ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. അത് ഇന്നത്തേക്ക് മാറ്റിയിട്ടുണ്ട്.
ഇന്ന് കാനം രാജേന്ദ്രനുമായി കോടിയേരി ബാലകൃഷ്‌ണൻ ചർച്ച നടത്തുന്നുണ്ട്. കാഞ്ഞിരപ്പളളി സീറ്റ് ഉൾപ്പടെയുളള വിഷയങ്ങൾ ചർച്ചയാകും. ഇതിനു ശേഷമായിരിക്കും മറ്റ് കക്ഷികളുമായുളള ചർച്ച. ഇടതു മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട പ്രഖ്യാപനം ജോസ് കെ മാണി ഇന്നലെയാണ് നടത്തിയത്. എന്നാൽ ഇതിനു മുമ്പ് നിരവധി അനൗദ്യോഗിക ചർച്ചകൾ സി.പി.എമ്മുമായി നടത്തിയിരുന്നു. ഇതിന്റെ ഫലമായി വിഷയത്തിൽ നേരത്തെ തന്നെ ധാരണയും രൂപപ്പെട്ടിരുന്നു.