
ന്യൂഡൽഹി : ഒക്ടോബർ 16, ലോകത്തെ ഏറ്റവും മികച്ച ഭീകരവിരുദ്ധ സേനകളിൽ ഒന്നായ ദി നാഷണൽ സെക്യൂരിറ്റി ഗാർഡ് ( എൻ എസ് ജി ) അഥവാ ദേശീയ സുരക്ഷാ സേനയുടെ 36ാമത് സ്ഥാപകദിനം. കറുത്ത വസ്ത്രങ്ങൾ ധരിച്ച് പോരാടുന്ന അവരെ നാം ധീരതയോടെ 'ബ്ലാക്ക് ക്യാറ്റുകൾ' എന്നും വിളിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവർ ഇന്നത്തെ വിശിഷ്ട ദിനത്തിൽ എൻ എസ് ജി അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആശംസ അർപ്പിച്ചു.
എൻ എസ് ജി രാഷ്ട്രത്തിന്റെ സുരക്ഷയ്ക്ക് നിർണായക പങ്ക് വഹിക്കുന്നുവെന്നും രാജ്യത്തിന്റെ സുരക്ഷ കാക്കാൻ എൻ എസ് ജി നടത്തുന്ന പ്രയത്നങ്ങളിൽ അഭിമാനമുണ്ടെന്നും മോദി പറഞ്ഞു. 26/11 മുംബയ് ഭീകരാക്രമണം മുതൽ പഥാൻകോട്ട് വരെ അതിസങ്കീർണമായ ഓപ്പറേഷനുകളിൽ എൻ എസ് ജി കമാൻഡോകൾ നടത്തിയ പകരംവയ്ക്കാനില്ലാത്ത പോരാട്ട വീര്യം ആർക്കും മറക്കാനാകാത്തതാണ്.
ഏതുവിധത്തിലുള്ള ഭീകരവിരുദ്ധ ഓപ്പറേഷനുകളും അടിച്ചമർത്താൻ ശേഷിയുള്ള ലോകോത്തരനിലവാരമുള്ള ഇന്ത്യയുടെ സ്വന്തം കമാൻഡോ സംഘമാണ് എൻ എസ് ജി. വളരെ കഠിനമായ പരിശീലനത്തിലൂടെയാണ് ഓരോ എൻ എസ് ജി കമാൻഡോയേയും വാർത്തെടുക്കുന്നത്. 1986ലാണ് എൻ എസ് ജി ഔദ്യോഗികമായി രൂപം നൽകിയത്.
തീവ്രവാദപ്രവർത്തനങ്ങൾക്ക് മാത്രമല്ല, ഗൂഢാലോചന അട്ടിമറിയും തകർക്കുക, ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കുക തുടങ്ങിയ സന്ദർഭങ്ങളിലും കേന്ദ്ര അർദ്ധ സൈനിക വിഭാഗങ്ങളുമായി എൻ എസ് ജി കമാൻഡോകൾ സഹകരിക്കുന്നു. രാജ്യത്തെ വി.ഐ.പികളുടെ സംരക്ഷണവും എൻ എസ് ജിയുടെ കൈകളിൽ ഭദ്രമാണ്. ഉയർന്ന വേഗത, കൃത്യത, കാര്യക്ഷമത, സൂഷ്മ നിരീക്ഷണം തുടങ്ങിയ സവിശേഷതകൾ ഏത് അപകടഘട്ടത്തെയും നേരിടാൻ എൻ എസ് ജി കമാൻഡോകളെ പ്രാപ്തരാക്കുന്നു.

1984ൽ പഞ്ചാബിൽ ഭീകരത അതിന്റെ ഉച്ചസ്ഥായിയിലായിരിക്കുമ്പോഴാണ് എൻ എസ് ജി രൂപീകരിക്കാൻ തീരുമാനിക്കുന്നത്. എവിടെയും പഴുതുകളില്ലാത്ത മികച്ച സംരക്ഷണം ഒരുക്കുക എന്നതാണ് എൻ എസ് ജിയുടെ അടിസ്ഥാന തത്വം തന്നെ. 2008ൽ മുംബയ് ഭീകരാക്രമണത്തിൽ 400 ഓളം എൻ എസ് ജി കമാൻഡോകൾ നടത്തിയ ഓപ്പറേഷൻ ടൊർണാഡോ സേനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ധീരമായ പോരാട്ടമായിരുന്നു.
കരസേന, പാരാ മിലിട്ടറി, സംസ്ഥാന പൊലീസ്, സെൻട്രൽ റിസേർവ് പൊലീസ് തുടങ്ങിയ വിഭാഗങ്ങളിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരെയാണ് എൻ എസ് ജിയിലേക്ക് തിരഞ്ഞെടുക്കുന്നത്. വളരെ ബുദ്ധിമുട്ട് നിറഞ്ഞ പരിശീലനം തുടങ്ങുന്നതിനു മുമ്പ് തന്നെ കമാൻഡോകളെ കർശനമായ മാനസിക പരിശോധനകൾക്കും ശാരീരിക പരിശോധനകൾക്കും വിധേയമാക്കും.
പരിശീലനഘട്ടത്തിൽ കമാൻഡോകൾ നദികൾ, തീ തുടങ്ങിയ പ്രതിസന്ധികളെ മറികടന്ന് മുന്നോട്ട് പോകണം. പിന്തുണയില്ലാതെ കുത്തനെയുള്ള പാറകളിലും പർവതങ്ങളിലും കയറുന്നത് ഇവരുടെ പരിശീലനത്തിന്റെ പ്രധാന ഭാഗമാണ്. അത്യാധുനിക ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ പ്രാവീണ്യം നേടിയ എൻ എസ് ജി കമാൻഡോകൾ ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാൻ ഏത് നിമിഷവും തയാറായിരിക്കണം. അത് ആകാശമായാലും കടലായാലും. ! ആയോധന കലയിലും പ്രാവീണ്യമുള്ള കമാൻഡോകൾ ആയുധങ്ങളില്ലാതെ തന്നെ ശത്രുവിനെ നേരിടാനുള്ള കഴിവുള്ളവർ ആണ്. മിന്നൽ വേഗത്തിലാണ് എൻ എസ് ജി കമാൻഡോകൾ ഓരോ നീക്കവും നടത്തുന്നത്.
സുവർണക്ഷേത്രത്തിന് നേരെയുള്ള ആക്രമണം നേരിടാൻ ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ II ( 1988 മേയ് 12 ), ഇന്ത്യൻ എയർലൈൻസിന്റെ ബോയിംഗ് 737 വിമാനം റാഞ്ചിയപ്പോൾ ബന്ദികളെ രക്ഷിക്കാൻ ഓപ്പറേഷൻ അശ്വമേധ് ( 1993 ഏപ്രിൽ 25 ), അഹമ്മദാബാദിലെ അക്ഷർധാം ക്ഷേത്രം ആക്രമിച്ച് തീവ്രവാദികൾ തടവിലാക്കിയ ബന്ദികളെ രക്ഷിക്കാൻ ഓപ്പറേഷൻ വജ്രശക്തി ( 2002 സെപ്റ്റംബർ 25 ) തുടങ്ങിയവ എൻ എസ് ജി കമാൻഡോകൾ രാജ്യത്ത് നടത്തിയ പ്രധാന ഓപ്പറേഷനുകൾ ചിലതാണ്.