court

ന്യൂഡൽഹി: യുവതിയെ പീഡിപ്പിച്ചയാൾക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതിയുടെ വിചിത്രമായ ഉത്തരവിൽ ഇടപെടാനൊരുങ്ങി സുപ്രീംകോടതി. പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജാമ്യം അനുവദിക്കാനായി പീഡനമേ‌റ്റ യുവതിയോട് രക്ഷാബന്ധൻ കെട്ടിത്തരുവാൻ അപേക്ഷിക്കണമെന്നും അതിന്റെ ആചാരത്തിന്റെ ഭാഗമായി 11,000 രൂപ യുവതിക്ക് നൽകണമെന്നും കഴിഞ്ഞ ജൂലായ് 30ന് മദ്ധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

കേസിലെ പ്രതിയായയാൾ ഭാര്യയോടൊപ്പം യുവതിയുടെ വീട്ടിലെത്തി വേണം രാഖി കെട്ടുവാൻ. യുവതിയുടെ മകന് 5000 രൂപ നഷ്‌ടപരിഹാരം നൽകണമെന്നും ഉത്തരവിലുണ്ടായിരുന്നു. പണം വാങ്ങാൻ തയ്യാറാകാത്ത യുവതിയ്‌ക്ക് ബലമായി പണം നൽകേണ്ടി വന്നു. പീഡനത്തിന് ഇരയായ യുവതിയുടെ അഭിമാനത്തിന് വിള‌ളലേൽപ്പിച്ച ഈ വിധിക്കെതിരെ സുപ്രീംകോടതിയിൽ ഒൻപത് വനിത അഭിഭാഷകർ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിലെ ജസ്‌റ്റിസ് എ.എം ഖാൻവിൽക്കർ അറ്റോർണി ജനറൽ കെ.കെ വേണുഗോപാലിന് നോട്ടീസ് അയച്ചു.

മുതിർന്ന അഭിഭാഷകനായ സഞ്ജയ് പരീഖ് ഹർജിക്കാർക്കായി കോടതിയിൽ ഹാജരായി. ഹൈക്കോടതികളും കീഴ്‌കോടതികളും ഇത്തരം ഉത്തരവുകൾ പുറപ്പെടുവിച്ചതിനാലാണ് ഹർജിയെന്നും അസാധാരണ സാഹചര്യമായതിനാലാണ് ഇത്തരം ഹർജി നൽകേണ്ടി വന്നതെന്ന് സഞ്ജയ് പരീഖ് കോടതിയെ അറിയിച്ചു. ജാമ്യം നൽകുമ്പോൾ നിയമത്തിന് വെളിയിലുള‌ള ഇത്തരം കാര്യങ്ങൾ നിർബന്ധിക്കാൻ കോടതികൾക്കാകുമോ എന്ന് ഹർജിക്കാർ‌ ചോദിച്ചു.