
വാഷിംഗ്ടൺ: കൊവിഡ് ബാധിച്ച് രോഗമുക്തരായവർക്ക് രണ്ടാമതും രോഗം ബാധിച്ചാൽ ലക്ഷണങ്ങൾ തീവ്രമായിരിക്കുമെന്ന് പഠനം. രോഗമുക്തി നേടിയല്ലോ എന്നു കരുതി മുൻകരുതലുകൾ സ്വീകരിക്കാതെ കറങ്ങി നടക്കുന്നത് ഗുരുതരമായ പ്രശ്നങ്ങൾ വരുത്താമെന്ന് ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
അമേരിക്കയിൽ രണ്ടാമതും കൊവിഡ് ബാധിച്ച വ്യക്തിയെ ആധാരമാക്കി നെവാദ സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലബോറട്ടറിയാണ് പഠനം നടത്തിയത്. നെവാദയിലുള്ള 25 കാരനാണ് 48 ദിവസത്തിനിടെ രണ്ട് തവണ കൊവിഡ് ബാധിച്ചത്.രണ്ടാമത്തെ രോഗബാധ കൂടുതൽ ഗുരുതരമായിരുന്നു. ഇത് മൂലം രണ്ടാം തവണ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഓക്സിജൻ നൽകേണ്ടി വന്നു.ബെൽജിയം, നെതർലാൻഡ്സ്, ഹോങ്കോംഗ്, ഇക്വഡോർ എന്നിവിടങ്ങളിലും രണ്ടാമത് കൊവിഡ് ബാധിച്ച കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പഠനം പറയുന്നു. കൊവിഡ് വന്നു പോയവരിൽ എത്രകാലം പ്രതിരോധ ശേഷി നിലനിൽക്കുമെന്നതിനെ സംബന്ധിച്ച് കൂടുതൽ ഗവേഷണം ആവശ്യമാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ മാർക്ക് പൻഡോരി പറയുന്നു.