
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങൾക്കെതിരെ കടുത്ത ആരോപണവുമായി റിപ്പബ്ലിക്കൻ അനുഭാവികൾ. ബൈഡനും കുടുംബത്തിനും എതിരായ വിവാദ ലേഖനത്തിനു ട്വിറ്റർ നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്നാണ് പ്രതിഷേധം.
ബൈഡനു മുൻതൂക്കമുറപ്പിച്ച് പ്രീ പോൾ സർവേകൾ വന്നതിനു പിന്നാലെയാണ് ബൈഡന്റെ മകൻ ഹണ്ടർ ബൈഡനെതിരെ ന്യൂയോർക്ക് പോസ്റ്റ് ലേഖനമെഴുതുന്നത്. ഉക്രെയ്നിലെ ഗ്യാസ് കമ്പനിയുമായുള്ള മകന്റെ വഴിവിട്ട ഇടപാടുകൾക്ക് ബൈഡൻ സഹായം ചെയ്തത് വ്യക്തമാക്കുന്ന ഇ - മെയിലുകളാണ് വിഷയം. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നും ട്രംപ് പ്രഖ്യാപിച്ചു കഴിഞ്ഞു. ബൈഡനെയും കുടുംബത്തെയും പ്രതിക്കൂട്ടിൽ നിറുത്തുന്ന വിവാദ ലേഖനം റിപ്പബ്ലിക്കൻ അനുഭാവികൾ വ്യാപകമായി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു തുടങ്ങിയതോടെയാണ് ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങൾ ലേഖനത്തിനു നിയന്ത്രണം ഏർപ്പെടുത്തിയത്. ലേഖനം പങ്കുവച്ച വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയുടെ വ്യക്തിഗത അക്കൗണ്ടിനും വൈറ്റ് ഹൗസ് ജുഡീഷ്യറി കമ്മിറ്റിയുടെ വെബ് പേജിനും ട്വിറ്റർ വിലക്കിട്ടതോടെ പ്രതിഷേധം കടുത്തു.
എന്നാൽ, ലേഖനത്തിലെ ഉള്ളടക്കത്തിന് തെളിവുകളില്ലാത്തതിനാലാണ് നടപടിയെന്ന് ട്വിറ്റർ വ്യക്തമാക്കി.
കൊവിഡ് സംബന്ധിച്ച് ട്രംപിന്റെ വിവാദ ട്വീറ്റുകളും ഇപ്രകാരം നീക്കം ചെയ്തതിനെ ചോദ്യം ചെയ്ത് റിപ്പബ്ലിക്കൻ അനുഭാവികൾ രംഗത്തെത്തിയിരുന്നു.