baliya-shot

ബല്ലിയ: ഉത്തർപ്രദേശിലെ ബല്ലിയയിൽ പ്രാദേശിക ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും കൺമുന്നിൽ ബി.ജെ.പി എം.എൽ.എയുടെ അടുത്ത അനുയായി ഒരാളെ വെടിവച്ചു കൊന്നു. ദുർജൻപൂർ ഗ്രാമത്തിൽ റേഷൻ കട അനുവദിക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തിനിടെയുണ്ടായ തർക്കത്തിലാണ് ബി.ജെ.പി പ്രവർത്തകനും എം.എൽ.എ സുരേന്ദ്ര സിംഗിന്റെ അടുത്ത അനുയായിയുമായ ധീരേന്ദ്ര സിംഗിന്റെ വെടിയേറ്റ് ജയ്പ്രകാശ് മരിച്ചത്.

സംഭവം വിവാദമായതോടെ സ്ഥലത്തുണ്ടായിരുന്ന സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ സസ്‌പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.

ബി.ജെ.പി എക്‌സ് സർവീസ്‌മെൻ യൂണിറ്റിന്റെ മേധാവിയാണ് ധീരേന്ദ്ര സിംഗ്. റേഷൻകട അനുവദിക്കുന്നതിനെ ചൊല്ലി ധീരേന്ദ്രസിംഗും ജയ്പ്രകാശും തർക്കമായതോടെ യോഗം റദ്ദാക്കി. തുടർന്ന് ഉദ്യോഗസ്ഥരുടെയും പൊലീസുകാരുടെയും സാന്നിദ്ധ്യത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംസാരിച്ച് വഴക്കായി. ഇതിനിടെയാണ് ജയ്പ്രകാശിന് വെടിയേറ്റത്.

നൂറുകണക്കിന് ആളുകൾ നോക്കിനിൽക്കെ മൂന്നു റൗണ്ട് വെടിവച്ചെന്നാണ് വിവരം. ആൾക്കൂട്ടം ചിതറിയോടുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നു.

ഇരുപതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

 സ്വയരക്ഷയ്ക്ക് വേണ്ടി
വഴക്കിനിടെ ഇരുഭാഗത്തുനിന്നും കല്ലേറുണ്ടായി. സ്വയരക്ഷയ്ക്ക് വേണ്ടിയാണ് ധീരേന്ദ്രസിംഗ് വെടിവച്ചത്. അല്ലെങ്കിൽ അയാളുടെ കുടുംബത്തിലെ നിരവധി പേർ കൊല്ലപ്പെടുമായിരുന്നു. ഏകപക്ഷീയമായ അന്വേഷണമാണ് നടക്കുന്നത്.

-ബി.ജെ.പി എം.എൽ.എ സുരേന്ദ്ര സിംഗ്