sushanth-case

മുംബയ്: നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് ഡൽഹി സ്വദേശിയായ അഭിഭാഷകൻ വിഭോർ ആനന്ദിനെ മുംബയ് പൊലീസ് അറസ്റ്റ് ചെയ്തു.

ജൂൺ 14ന് ബാന്ദ്രയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി ഗൂഢാലോചനക്കഥകൾ പ്രസിദ്ധീകരിച്ചിരുന്നതായും സമൂഹമാദ്ധ്യമങ്ങളിലൂടെ നിരവധി ട്രോളുകൾ പ്രചരിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.

സുശാന്തിന്റെ മുൻ മാനേജർ ദിഷയുടെ മരണത്തെക്കുറിച്ച് നിരവധി വ്യാജ വാർത്തകൾ വിഭോർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പ്രചരിപ്പിച്ചിരുന്നു. ജൂൺ 8ന് കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിലാണ് ദിഷയെ കണ്ടെത്തിയത്.

സുശാന്തിന്റെ കഴുത്തിൽ ചങ്ങല കുരുക്കി താരത്തെ കൊല്ലുകയായിരുന്നെന്നും ആനന്ദ് പ്രചരിപ്പിച്ചിരുന്നു.

കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വെട്ടിലാക്കുന്നതിനായി 80,000ലധികം വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കപ്പെട്ടിരുന്നതായി മുംബയ് പൊലീസ് നേരത്തേ വെളിപ്പെടുത്തിയിരുന്നു.