
സോൾ: സെപ്തംബറിലുണ്ടായ കൊടുങ്കാറ്റിൽ കിടപ്പാടം നഷ്ടമായ പൗരന്മാർക്ക് വീടുകൾ നിർമ്മിക്കാനൊരുങ്ങുകയാണ് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ. 25,000ത്തിലധികം വീടുകൾ നിർമ്മിച്ച് നൽകുമെന്നാണ് കിം പറയുന്നത്. ദിവസങ്ങൾക്ക് മുമ്പ് പൊതുവേദിയിൽ കരഞ്ഞതിനുപിന്നാലെയാണ് കിമ്മിന്റെ പുതിയ പ്രഖ്യാപനം. കൊടുങ്കാറ്റ് തകർത്തെറിഞ്ഞ പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ, ജനങ്ങൾ താമസിക്കുന്ന 50 വർഷത്തിലധികം പഴക്കമുള്ള വീടുകൾ കണ്ട് അദ്ദേഹം ഖേദം പ്രകടിപ്പിച്ചെന്ന് സ്റ്റേറ്റ് മീഡിയ അറിയിച്ചു. സൈനിക സഹായത്തോടെ യുദ്ധകാലാടിസ്ഥാനത്തിൽ അഞ്ചു വർഷം കൊണ്ട് കാൽ ലക്ഷത്തിലധികം വീടുകൾ നിർമ്മിക്കുന്ന പദ്ധതിക്കാണ് കിം തുടക്കം കുറിച്ചിരിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2300 വീടുകളുടെ നിർമാണം പൂർത്തിയാകുന്നതായി സ്റ്റേറ്റ് മീഡിയ പറയുന്നു.