k-m-mani

തിരുവനന്തപുരം: കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം ആന്റി ഇടതുപക്ഷമാണെന്ന് മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ 'ഫ്ളാഷി"നോട് പറഞ്ഞു. എല്ലാ തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് വോട്ടുകൾ തപ്പിപ്പെറുക്കി കൊണ്ടു പോയാണ് ഇടതുമുന്നണി വിജയിക്കുന്നത്. അവർക്ക് ഇപ്രാവശ്യം അങ്ങനെ വോട്ടുകൾ കിട്ടുന്ന പ്രശ്‌നമില്ല. കേരള കോൺഗ്രസിലുണ്ടായ ഭിന്നിപ്പിൽ ഇടപെട്ട് അതിലെ ഒരു ഫ്രാക്ഷനെ കൈയ്യിലെടുത്ത് ജയിച്ച് കയറാമെന്നുളളത് സി.പി.എമ്മിന്റെ അവസാനത്തെ കളിയാണ്. ആ കളി ജനങ്ങൾ തിരിച്ചറിയുകയാണ്. ഇതുവരെ ചെയ്‌തതല്ലാതെ ഇതിനപ്പുറം പ്രത്യേകിച്ച് ഒരു അത്ഭുതവും ഇനി സി.പി.എമ്മിന് ചെയ്യാനില്ല. അഴിമതിരഹിത ഭരണമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന ശേഷം ചീഞ്ഞ അഴിമതികളാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.

വൾഗർ പൊളിറ്റി‌ക്‌സിന്റെ ഭാഗമായി കേരള രാഷ്ട്രീയത്തെ സി.പി.എം മാറ്റി. സാക്ഷര കേരളം ഈ രാഷ്ട്രീയത്തെ ഒരിക്കലും ഉൾക്കൊളളില്ല. ജോസിനെ കൂട്ടിയതോടെ സി.പി.എമ്മിന് ക്ഷീണം സംഭവിക്കുമെന്നല്ലാതെ ജനങ്ങളുടെ രാഷ്ട്രീയ ചിന്താഗതി മാറ്റാൻ അവർക്കാവില്ലയെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.

ഏത് പൊസിഷനിൽ നിന്നും മറുകണ്ടം ചാടും

തിരിച്ചും മറിച്ചും പറയാൻ ഒരു മടിയുമില്ലാത്തവരാണ് സി.പി.എം നേതാക്കൾ. എൺപതിൽ മാണി സാറിനെ മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞ് രാജ്ഭവനിലോട്ട് പോകാൻ ഇരുന്ന ആളുകളാണ്. നേരം വെളുത്തപ്പോൾ അവർ കൂറുമാറി. മാണി സാറിനെ അവർ ചതിച്ചു. അന്ന് മാണി സാർ ആ നട ഇറങ്ങിയതാണ്. പിന്നെ ആ നട കയറാൻ മാണി സാർ ഒരിക്കലും ശ്രമിച്ചിട്ടില്ല. 2016ൽ ഞങ്ങളുമായി തെറ്റിയപ്പോൾ പോലും അദ്ദേഹം അങ്ങോട്ടേക്ക് പോയില്ല. മാണി സാറിനെ ഇന്ന് സി.പി.എം പൊക്കിപ്പൊക്കി പറയുമ്പോൾ അദ്ദേഹത്തിനെതിരെ ഇവർ തന്നെ പറഞ്ഞ പഴയ കഥകൾ സമൂഹ മാദ്ധ്യമങ്ങളിൽ വന്നുകൊണ്ടേയിരിക്കുകയാണ്. ജീവിച്ചിരുന്ന മാണി സാറിനെ അവർ അപമാനിച്ചു. ഇന്ന് മരിച്ച മാണി സാറിനെയും അപമാനിക്കുകയാണ്. അദ്ദേഹത്തിന് എതിരെ ഇവർ നടത്തിയ സമരങ്ങളെല്ലാം തെറ്റായിപ്പോെയെന്ന് സി.പി.എം പറഞ്ഞാൽ അവർക്ക് ഏത് പൊസിഷനിൽ നിന്നും മറുകണ്ടം ചാടാൻ ഒരു മടിയുമില്ല എന്നു വേണം മനസിലാക്കേണ്ടത്. രാഷ്ട്രീയ സത്യസന്ധതയും ധാർമ്മികതയും അവർക്കില്ല.

സഖാക്കളുടെ രക്തത്തിന്റെ വില

ബാർക്കോഴ സമരത്തിൽ പൊലീസ് മർദ്ദനം ഏൽക്കേണ്ടി വന്ന എത്രയോ പാർട്ടി സഖാക്കൾ സി.പി.എമ്മിലുണ്ട്. ആ സഖാക്കന്മാരുടെ രക്തത്തിന് സി.പി.എം നേതാക്കൾ മറുപടി പറയണം. തെരുവിലിറങ്ങി യുദ്ധം നടത്തിയ ഒരുപാട് സഖാക്കൾ അന്ന് കേരളത്തിലുണ്ടായിരുന്നു. അന്ന് ചെയ്‌തതെല്ലാം തമാശയായിരുന്നുവെന്നാണ് സി.പി.എം ഇപ്പോൾ പറയുന്നത്. സഖാക്കളുടെ രക്തത്തിന് തമാശയുടെ വില മാത്രമേ ആ പാർട്ടി നൽകിയിട്ടുളളൂ.

വേണ്ടതെല്ലാം ഞങ്ങൾ കൊടുത്തു

കോൺഗ്രസ് നേതൃത്വം അപമാനിച്ചുവെന്ന് ജോസ് പറയുന്നത് മനസിലാക്കാൻ പറ്റുന്നില്ല. കേരള കോൺഗ്രസ് പറഞ്ഞ എല്ലാ സീറ്റുകളും നിയമസഭാ തിരഞ്ഞെടുപ്പിൽ അവർക്ക് നൽകിയിട്ടുണ്ട്. ലോക്‌സഭാ സീറ്റും രാജ്യസഭാ സീറ്റും നൽകി. സംസ്ഥാനത്തെ പ്രമുഖ പഞ്ചായത്തുകളിലെല്ലാം ഭരണ സാരഥ്യം കൊടുത്തു.

അന്ന് ത്രിമൂർത്തികളുടെ സർക്കാർ എന്നാണ് ഞങ്ങളുടെ സർക്കാരിനെ സി.പി.എം ആക്ഷേപിച്ചിരുന്നത്. കുഞ്ഞൂഞ്ഞ്, കു‌ഞ്ഞുമാണി, കുഞ്ഞാപ്പ എന്നാണ് അവർ പറഞ്ഞു നടന്നത്. അത്രയും പ്രസക്തി ലഭിച്ച ഒരു പാർട്ടിക്ക് എന്ത് അവഗണനയാണ് ഉണ്ടായത്? ആ മുന്നണിക്കകത്ത് എന്തെങ്കിലും വിഷമമുണ്ടെന്ന് മാണി സാർ പറഞ്ഞിട്ടില്ല. മാണി സാർ പറഞ്ഞ എല്ലാ കാര്യങ്ങളും സർക്കാർ തീരുമാനമായി വന്നിട്ടുണ്ട്. അദ്ദേഹം കൊണ്ടുവന്ന ഒരു പദ്ധതിയെ പോലും ഞങ്ങൾ എതിർത്തിട്ടില്ല. എല്ലാ പദ്ധതിക്കും ഞങ്ങൾ കൂട്ടുനിന്നു. ആകെപ്പാടെയുളള ഒരു കാര്യം കോട്ടയം ജില്ലാ പഞ്ചായത്തിലെ തർക്കമാണ്. അത് കോൺഗ്രസ് ഉണ്ടാക്കിയ തർക്കമല്ല. പറഞ്ഞ വാക്ക് പാലിക്കാത്തത് കാരണം ജോസ് വിഭാഗം തന്നെയുണ്ടാക്കിയ തർക്കമാണത്.

ഇനി അവർ എതിർസ്ഥാനാർത്ഥികൾ?

കോട്ടയത്തും പുതുപ്പളളിയിലുമൊക്കെ ജോസ് വിഭാഗം നേതാക്കൾ കോൺഗ്രസിന്റെ എതിർസ്ഥാനാർത്ഥികളായി വരുമെന്ന് കരുതുന്നില്ല. തോമസ് ചാഴികാടൻ ലോക്‌സഭയിലേക്ക് മത്സരിച്ച സമയത്ത് ഒരു ലക്ഷത്തി ആറായിരം വോട്ടിന്റെ ഭൂരിപക്ഷം കിട്ടാൻ കോൺഗ്രസ് എത്ര മാത്രം അദ്ധ്വാനിച്ചുവെന്നത് ചാഴികാടന് അറിയാം. ജോസ് കെ. മാണി പാർലമെന്റിൽ മത്സരിച്ചപ്പോഴും അദ്ദേഹം എങ്ങനെയാ ജയിച്ചതെന്ന് ജോസിനും അറിയാം.

യു.ഡി.എഫ് തീരുമാനിക്കും

പി.സി ജോർജും പി.സി. തോമസുമൊക്കെ വരണമോ വേണ്ടയോ എന്നെല്ലാം യു.ഡി.എഫാണ് തീരുമാനിക്കേണ്ടത്. എൻ.സി.പിയുടെ കാര്യമായാലും അങ്ങനെ തന്നെ. കാലാകാലങ്ങളായി പിണങ്ങിപ്പോയവരെ തിരികെ കൊണ്ടുവരണമെന്ന മുരളീധരന്റെ അഭിപ്രായത്തിലും തീരുമാനമെടുക്കേണ്ടത് യു.ഡി.എഫാണ്. ഞാൻ അതിലൊന്നും അഭിപ്രായം പറയുന്നില്ല.

ആ കുടുംബത്തിന് അറിയാം

മാണി സാറിന്റെ വികാരം എന്താണെന്ന് മനസിലാക്കണമെങ്കിൽ അദ്ദേഹത്തിന്റെ മരുമകൻ എം.പി. ജോസഫ് പറഞ്ഞത് ശ്രദ്ധിച്ചാൽ മതി. ഞങ്ങൾ പറയുന്നതാണ് ശരിയെന്ന് അപ്പോൾ മനസിലാകും. ആ കുടുംബത്തിൽ പോലും പലരുടെയും അഭിപ്രായം യു.ഡി.എഫ് നിലപാടിനെ സാധൂകരിക്കുന്നതാണ്. സി.പി.എമ്മിനൊപ്പം പോകുന്നത് ആത്മഹത്യാപരമാണെന്ന് മാണി സാറിന്റെ കുടുംബത്തിന് അറിയാം.

വോട്ട് ഹൃദയത്തിൽ നിന്ന്

കക്ഷികളുടെ എണ്ണമല്ല മുന്നണിയുടെ വലിപ്പം തീരുമാനിക്കുന്നത്. ജനപിന്തുണ ഒരിക്കലും കക്ഷികളുടെ എണ്ണം വച്ച് തീരുമാനിക്കാനാകില്ല. യു.ഡി.എഫ് വോട്ടുകളുടെ അടിത്തറ വർദ്ധിച്ചിട്ടേയുളളൂ. പലരും യു.ഡി.എഫ് വിട്ടുപോയി എന്നത് ശരിയാണ്. എന്നാൽ, സംസ്ഥാനത്തുളള സർക്കാർ വിരുദ്ധ തരംഗം യു.ഡി.എഫിന് ഗുണം ചെയ്യും. ഈ തരംഗത്തെ നേരിടാൻ എൽ.ഡി.എഫിനാകില്ല. പരസ്യത്തിൽ കൂടി വോട്ട് ലഭിക്കില്ല. മനുഷ്യന്റെ ഹൃദയത്തിൽ തട്ടിയാലേ വോട്ട് കിട്ടുകയുളളൂ. യു.ഡി.എഫ് ഉറപ്പായും തിരിച്ചുവരും.