covid-

ലണ്ടൻ : ലോകത്തെ ആദ്യത്തെ കൊവിഡ് 19 ' ഹ്യൂമൻ ചലഞ്ച് ' ട്രയലിന് ഒരുങ്ങുകയാണ് ലണ്ടൻ നഗരം. യു.കെ ഭരണകൂടവും ഒരു ബ്രിട്ടീഷ് ബയോടെക് കമ്പനിയായും ഇത് സംബന്ധിച്ച ചർച്ചയിലാണ്. ഇതുപ്രകാരം ആരോഗ്യമുള്ള വോളന്റിയർമാരിൽ മനഃപൂർവം കൊവിഡ് 19ന് കാരണക്കാരായ കൊറോണ വൈറസ് ബാധയുണ്ടാക്കിയെടുക്കുന്ന രീതിയാണിത്. ഓപ്പൺ ഓർഫൻ എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ യൂണിറ്റായ എച്ച്‌വിവോയുടെ നേതൃത്വത്തിൽ ലണ്ടനിലെ റോയൽ ഫ്രീ ഹോസ്പിറ്റലിലാണ് ട്രയൽ നടക്കാൻ പോകുന്നത്.

ലണ്ടനിലെ ഇംപീരിയൽ കോളേജിന്റെ സഹകരണവും ഈ ട്രയലിനുണ്ടാകും. അതിപ്രഗത്ഭരായ ഗവേഷകരുടെയും ആരോഗ്യപ്രവർത്തകരുടെയും മേൽനോട്ടത്തിലാണ് പരീക്ഷണം നടക്കുക. വോളന്റിയർമാർക്ക് ആദ്യം വാക്സിൻ നൽകും. തുടർന്ന് ഒരുമാസത്തിന് ശേഷം ഈ വോളന്റിയർമാരിൽ മനഃപൂർവം കൊവിഡ് ബാധ സൃഷ്ടിക്കും. പ്രത്യേക നിബന്ധനകളുടെ അടിസ്ഥാനത്തിലാകും ഇത്. ഇവരെ പ്രത്യേകം ക്വാറന്റൈൻ ചെയ്യും.

തുടർന്ന് ഇവർക്ക് രോഗലക്ഷണങ്ങൾ പ്രകടമാകുന്നുണ്ടോ അതോ വാക്സിൻ രോഗലക്ഷണങ്ങളിൽ നിന്നും അവരെ സംരക്ഷിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കും. ഈ പ്രക്രിയയിലൂടെ വേഗത്തിൽ വാക്സിന്റെ ഫലപ്രാപ്തി കണ്ടെത്താൻ സാധിക്കുമെന്നാണ് പറയുന്നത്. എന്നാൽ ഇത്തരം പ്രക്രിയ കൂടുതൽ അപകടങ്ങൾ സൃഷ്ടിച്ചേക്കാമെന്ന് ഒരു കൂട്ടം ഗവേഷകർ മുന്നറിയിപ്പ് നൽകുന്നുണ്ട്. മാത്രമല്ല, ബ്രിട്ടണിലെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്ട്സ് റെഗുലേറ്ററി ഏജൻസിയുടെ അംഗീകാരം ഉണ്ടെങ്കിൽ മാത്രമേ കൊവിഡ് വാക്സിന്റെ ഇത്തരം 'ഹ്യൂമൻ ചലഞ്ച് ' ട്രയലുകൾ നടത്താൻ സാധിക്കൂ.