
സോൻപൂർ: ബീഹാറിൽ ജനതാദൾ (യുണൈറ്റഡ്) നേതാവ് ചന്ദ്രികാ റായിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ സ്റ്റേജ് തകർന്നുവീണ് നിരവധി പേർക്ക് പരിക്കേറ്റു. സരൺ ജില്ലയിലാണ് സംഭവം. തിക്കും തിരക്കും മൂലമാണ് സ്റ്റേജ് തകർന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
സോൻപുർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് തൊട്ടുപിന്നാലെ നടത്തിയ റാലിക്കിടെയാണ് അപകടമുണ്ടായത്. ബി.ജെ.പി നേതാവ് രാജീവ് പ്രതാപ് റൂഡിയും സ്റ്റേജിലുണ്ടായിരുന്നു. റൂഡിയുടെ പ്രസംഗത്തിനുശേഷം ചന്ദ്രികാ റായ് പ്രസംഗിക്കാൻ എഴുന്നേറ്റു. അദ്ദേഹത്തിനെ ഹാരമണിയിക്കാൻ നിരവധി പേർ സ്‌റ്റേജിലേക്ക് കയറി. തൊട്ടുപിന്നാലെയാണ് സ്റ്റേജ് തകർന്നത്.
ആർ.ജെ.ഡി നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവിന്റെ ഭാര്യ ഐശ്വര്യ റായിയുടെ പിതാവാണ് ചന്ദ്രികാ റായ്. ബീഹാറിലെ മുൻ ആർ.ജെ.ഡി മന്ത്രിസഭകളിൽ അംഗമായിരുന്ന റായ് കഴിഞ്ഞ ആഗസ്റ്റിലാണ് ആർ.ജെ.ഡി വിട്ട് ജെ.ഡി.യുവിൽ ചേർന്നത്. അദ്ദേഹത്തിന്റെ മകൾ ഐശ്വര്യ റായിയും തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് വിവരം. അതിനിടെ, സോൻപൂരിൽ നൂറുകണക്കിനാളുകൾ പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിയിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കപ്പെട്ടില്ല എന്ന പരാതിയും ഉയർന്നിട്ടുണ്ട്. പലരും മാസ്‌ക് ധരിച്ചിരുന്നില്ല. സാമൂഹ്യ അകലം ഉറപ്പാക്കാനുള്ള നടപടിയുമെടുത്തിരുന്നില്ല.