nada
തുലാമാസ പൂജകൾക്കായി മേൽശാന്തി എം. കെ. സുധീർ നമ്പൂതിരി ശബരിമല ശ്രീകോവിൽ നട തുറക്കുന്നു. തന്ത്രി കണ്ഠരര് രാജീവരര് സമീപം.

ശബരിമല: തുലാമാസ പൂജകൾക്കായി ശബരിമല ശ്രീകോവിൽ തുറന്നു. ഏഴ് മാസത്തെ ഇടവേളയ്ക്കുശേഷം ഇന്ന് പുലർച്ചെ മുതൽ അയ്യപ്പസന്നിധിയിൽ ഭക്തരുടെ ശരണാരവം മുഴങ്ങും. വൈകിട്ട് 5 ന് തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി എം. കെ. സുധീർ നമ്പൂതിരി നടതുറന്ന് ദീപം തെളിച്ചു. ഉപദേവതാ ക്ഷേത്രങ്ങളിലും ദീപം പകർന്നശേഷം പതിനെട്ടാം പടിയിറങ്ങി ആഴി തെളിച്ചു. ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ. എൻ. വിജയകുമാർ, അഡ്വ. കെ. എസ്. രവി, കമ്മിഷണർ ബി. എസ്. തിരുമേനി എന്നിവർ സന്നിഹിതരായിരുന്നു.

വൃശ്ചികം ഒന്നുമുതൽ ഒരുവർഷത്തേക്കുള്ള മേൽശാന്തിമാരുടെ നറുക്കെടുപ്പ് ഇന്ന് രാവിലെ 8ന് നടക്കും. ഇന്റർവ്യൂ കഴിഞ്ഞുള്ള അന്തിമ പട്ടികയിൽ ശബരിമലയിലേക്ക് ഒൻപതുപേരും മാളികപ്പുറത്തേക്ക് പത്തുപേരുമുണ്ട്.

ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു, അംഗങ്ങളായ അഡ്വ.എൻ.വിജയകുമാർ, അഡ്വ.കെ.എസ്.രവി, ശബരിമല സ്പെഷ്യൽ കമ്മിഷണർ മനോജ്, ദേവസ്വം കമ്മിഷണർ ബി.എസ്.തിരുമേനി, ഹൈക്കോടതി നിരീക്ഷകൻ ജസ്റ്റിസ് കെ. പദ്മനാഭൻ നായർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് നറുക്കെടുപ്പ്.

. കൊവിഡ് മാനദണ്ഡം പാലിച്ച് 250 തീർത്ഥാടകർക്കാണ് ഒരു ദിവസം ദർശനാനുമതി. 48 മണിക്കൂർ മുമ്പ് കൊവിഡ് ടെസ്റ്റിന് വിധേയമായ സർട്ടിഫിക്കറ്റ് കൈവശം വേണം

ആന്റിജിൻ ടെസ്റ്റിന് സൗകര്യം

കൊവിഡ് ആന്റിജൻ ടെസ്റ്റ് നടത്താൻ പമ്പയിലും നിലയ്ക്കലും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. നിലയ്ക്കലിൽ ആരോഗ്യ വകുപ്പ് സൗജന്യമായി ആന്റിജൻ ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് നൽകും. ഇതിനായി ദേവസ്വം ബോർഡ് 500 കിറ്റുകൾ വാങ്ങി നൽകി. രണ്ട് സ്വകാര്യ ഏജൻസികളുമുണ്ട്. ഇവർ 625 രൂപ ഇൗടാക്കും.