vivek-oberoi-

ന്യൂഡൽഹി : മയക്കുമരുന്ന് കേസുമായി നടൻ വിവേക് ഒബ്റോയിയ്ക്കുള്ള ബന്ധം നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അന്വേഷിക്കണമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്‌‌മുഖ് ആവശ്യപ്പെട്ടു. എൻ.സി.ബി അതിന് തയാറായില്ലെങ്കിൽ തങ്ങൾ മുംബയ് പൊലീസിന് അന്വേഷണ ചുമതല നൽകുമെന്നും ദേശ്‌മുഖ് കൂട്ടിച്ചേർത്തു. ബോളിവുഡുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് കേസിന്റെ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് വിവേകിനെതിരെയും അന്വേഷണം വേണമെന്ന് അനിൽ ദേശ്‌മുഖ് ആവശ്യപ്പെട്ടിരിക്കുന്നത്.

വിവേക് ഒബ്റോയി‌യുടെ മുംബയിലെ വസതിയിൽ ബംഗളൂരു പൊലീസ് റെയ്‌ഡ് നടത്തിയതിനും വിവേകിന്റെ ഭാര്യ പ്രിയങ്കയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചതിനും പിന്നാലെ വിവേകിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിനിധി സംഘം അനിൽ ദേശ്‌മുഖിനെ സമീപിച്ചിരുന്നു. വിവേകിന്റെ ഭാര്യ പ്രിയങ്കയുടെ സഹോദരൻ ആദിത്യ ആൽവ ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതികളിൽ ഒരാളാണ്. ആദിത്യ നിലവിൽ ഒളിവിലാണ്.

കർണാടക മുൻ മന്ത്രി ജീവരാജ് ആൽവയുടെ മകനാണ് ആദിത്യ. ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകാനാണ് പ്രിയങ്കയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ഒളിവിൽ കഴിയുന്ന ആദിത്യയെ തേടിയാണ് വിവേകിന്റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയത്. ബി.ജെ.പിയെ പിന്തുണയ്ക്കുന്ന വിവേക് ആണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോപികിൽ കേന്ദ്രകഥാപാത്രമായി എത്തിയത്.