
ഷാർജ: കാത്തിരിപ്പിനൊടുൽ രാജകീയമായിത്തന്നെ ഐ.പി.എൽ പതിമ്മൂന്നാം സീസണിൽ യൂണിവേഴ്സൽ ബോസ് ക്രിസ്റ്റഫർ ഹെന്റ്റി ഗെയ്ലിന്റെ മാസ് എൻട്രി. സീസണിൽ തന്റെ ആദ്യ മത്സരത്തിനിറങ്ങിയ ഗെയ്ൽ പഞ്ചാബിനായി മൂന്നാം നമ്പറിൽ ബാറ്റിംഗിനിറങ്ങി തകർപ്പൻ അർദ്ധ സെഞ്ച്വറിയുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ടീമിന് വിജയം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
45 പന്തിൽ 1 ഫോറും 5 കൂറ്റൻ സിക്സറുകളുമുൾപ്പെടെ 53 റൺസടിച്ചാണ് പഞ്ചാബിന്റെ സീസണിലെ രണ്ടാമത്തെ ജയത്തിൽ ഗെയ്ൽ പ്രധാന പങ്കാളിയായത്. 20 റൺസിൽ നിൽക്കെ ക്രിസ് മോറിസിന്റെ പന്തിലെ എൽബി അപ്പീൽ ഡി.ആർ.എസിന്റെ സഹായത്തോടെ മറികടന്നായിരുന്നു ഗെയ്ലിന്റെ പടയോട്ടം.
ബാംഗ്ലൂരിനെതിരായ ഇന്നിംഗ്സോടെ ഐ.പി.എല്ലിൽ 4500 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ വിദേശ താരമാകാനും ഗെയ്ലിനായി. 126 ഐ.പി.എൽ മത്സരങ്ങളിൽ നിന്ന് 4537 റൺസാണ് ഗെയ്ലിന്റെ അക്കൗണ്ടിൽ ഉള്ളത്. ഒരു ഘട്ടത്തിൽ പഞ്ചാബ് അനായാസം വിജയലക്ഷ്യത്തിലേക്ക് നീങ്ങുകയായിരുന്നെങ്കിലും അവസാന ഓവറിൽ നാടകീയമായ മത്സരത്തിൽ അവസാന പന്തിൽ നിക്കോളാസ് പൂരൻ നേടിയ തകർപ്പൻ സിക്സിലൂടെയാണ് പഞ്ചാബ് ജയം ഉറപ്പിച്ചത്. സ്കോർ: ബാംഗ്ലൂർ 171/6, പഞ്ചാബ് 177/2.
അവസാന ഓവറുകളിൽ സമ്മർദ്ദത്തിലായിരുന്നോയെന്ന ചോദ്യത്തിന് രസകരമായിരുന്നു ഗെയ്ലിന്റെ മറുപടി. ഒരു പേടിയുമില്ലായിരുന്നു. എനിക്കെന്ത് സമ്മർദ്ദം. യൂണിവേഴ്സ് ബോസാണ് ബാറ്റ് ചെയ്യുന്നത്. ഞാനെന്തിനാണ് ആശങ്കപ്പെടുന്നത്. ഞാൻ ഏത് ബൗളർക്കും ഹാർട്ട് അറ്റാക്കാണ് നൽകുക. എന്നെക്കണ്ടാൽത്തന്നെ അവർ ഞെട്ടും - ഗെയ്ൽ പറഞ്ഞു.
രാഹുലും മായങ്കും ഓപ്പണർമാരുടെ റോളിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. ആ കൂട്ടുകെട്ട് പൊളിക്കുന്നത് ശരിയായ തീരുമാനമല്ല. അതിനാലാണ് മൂന്നാം നമ്പറിൽ ഇറങ്ങിയത്. ടീം എന്നെ എൽപ്പിച്ച കാര്യം കൃത്യമായി ചെയ്തു - ഗെയ്ൽ കൂട്ടിച്ചേർത്തു.
ഗെയ്ലിന്റെ ഐ.പി.എൽ റെക്കാഡുകൾ
ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ
ഏറ്റവും കൂടുതൽ സിക്സുകൾ
ഏറ്റവും കൂടുതൽ സെഞ്ച്വറികൾ
ഏറ്റവും വേഗത്തിലുള്ള സെഞ്ച്വറി