
ന്യൂഡൽഹി: സ്ത്രീകളുടെ ഏറ്റവും കുറഞ്ഞ വിവാഹ പ്രായം സംബന്ധിച്ച് കേന്ദ്ര സർക്കാർ ഉടൻ സുപ്രധാന തീരുമാനം കെെക്കൊള്ളുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സ്ത്രീകളിൽ നിന്ന് ഇക്കാര്യം ആവശ്യപ്പെട്ട് കൊണ്ട് നിരവധി കത്തുകൾ തനിക്ക് ലഭിച്ചുവെന്നും വിവാഹത്തിനുള്ള അനുയോജ്യമായ പ്രായം നിർണയിക്കാൻ ചർച്ചകൾ നടത്തിവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭക്ഷ്യ-കാർഷിക സംഘടനയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മോദി.
കേന്ദ്ര സർക്കാരിന്റെ പരിശ്രമം മൂലം രാജ്യത്ത് ആദ്യമായി കഴിഞ്ഞ ആറ് വർഷത്തിനിടെ വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികളുടെ മൊത്തം പ്രവേശന അനുപാതം ആൺകുട്ടികളേക്കാൾ കൂടുതലായിയെന്ന് മോദി പറഞ്ഞു. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യത്ത് പതിനൊന്ന് കോടി ശൗചാലയം നിർമിച്ചതായും പാവപ്പെട്ട സ്ത്രീകൾക്കായി ഒരു രൂപയ്ക്ക് സാനിറ്ററി പാഡുകൾ നൽകുന്നതായും മോദി പറഞ്ഞു.
സ്ത്രീകളുടെ വിവാഹത്തിന്റെ ഏറ്റവും കുറഞ്ഞ പ്രായം എന്തായിരിക്കണമെന്ന് സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിനായി ഒരു കമ്മിറ്റി രൂപീകരിക്കാൻ ഒരുങ്ങുന്നതായും സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ മോദി പറഞ്ഞിരുന്നു. നിരവധി പെൺകുട്ടികളിൽ നിന്ന് ഇത് സംബന്ധിച്ചുള്ള ചോദ്യം വന്നതോടെയാണ് മോദി സംഭവത്തിൽ വ്യക്തതവരുത്തിയത്. കമ്മിറ്റി റിപ്പോർട്ട് കിട്ടിയാൽ ഉടൻ ഇത് സംബന്ധിച്ച തീരുമാനമെടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിൽ നിലവിൽ സ്ത്രീയ്ക്ക് 18ും പുരുഷന് 21 മാണ് വിവാഹ പ്രായം.