
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം.ശിവശങ്കർ ആശുപത്രിയിൽ. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് പ്രവേശിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് ശിവശങ്കറിനെ പ്രവേശിപ്പിച്ചതെന്നും വിവരം ലഭിച്ചിട്ടുണ്ട്.
അതേസമയം ഇദ്ദേഹത്തെ രക്താതി സമ്മർദത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നു ബന്ധുക്കൾ പറഞ്ഞു. ശിവശങ്കറിന്റെ ഭാര്യ നെഫ്രോളജിസ്റ്റായി ജോലി ചെയ്യുന്ന ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റംസ് അന്വേഷണ സംഘം ഇദ്ദേഹത്തിന്റെ വീട്ടിൽ എത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കസ്റ്റംസ് സംഘം ആശുപത്രിയിൽ എത്തിയിട്ടുണ്ട്. കസ്റ്റംസ് അസി. കമ്മീഷണർ രാമമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആശുപത്രിയിലുള്ളത്. നോട്ടീസ് നൽകി ഇന്ന് രാത്രി തന്നെ ചോദ്യംചെയ്യാനായിരുന്നു കസ്റ്റംസ് നീക്കം.
ആരോഗ്യനില പരിശോധിച്ച ശേഷം ഡോക്ടർമാർ നൽകുന്ന നിർദ്ദേശം കേട്ട ശേഷമാകും തുടർനടപടികളെ കുറിച്ച് അന്വേഷണ സംഘം ആലോചിക്കുക. കേസുമായി ബന്ധപ്പെട്ട് ഏതാനും നാളുകളായി അന്വേഷണ ഏജൻസികളുടെ ചോദ്യം ചെയ്യലുകൾക്ക് വിധേയനായിരുന്ന ആളാണ് ശിവശങ്കർ.
സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളിൽ ഒരാളായ സ്വപ്ന സുരേഷുമായി ശിവശങ്കറിനുള്ള ബന്ധത്തെ കുറിച്ചും കള്ളക്കടത്ത് നടന്നതിനെ കുറിച്ചും കൂടുതൽ വിവരങ്ങൾ അറിയുന്നതിനായാണ് എൻ.ഐ.എ, കസ്റ്റംസ് തുടങ്ങിയ അന്വേഷണ ഏജൻസികൾ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നത്.