mathura-

ന്യൂഡൽഹി :യു.പിയിലെ മഥുരയിൽ സ്ഥിതി ചെയ്യുന്ന ഷാഹി ഈദ്ഗാഹ് പള്ളി നീക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി മഥുര കോടതി ഫയലിൽ സ്വീകരിച്ചു. നേരത്തെ സിവിൽ കോടതി തള്ളിയ ഹർജിയാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. കൃഷ്ണ ജന്മഭൂമിയിലാണ് മഥുരയിലെ ഷാഹി ഈദ് ഗാഹി പള്ളി സ്ഥിതി ചെയ്യുന്നതെന്നും ഇത് നീക്കണമെന്നാവശ്യപ്പെട്ടുമാണ് ഹർജി .

സിവിൽ കോടതി നടപടിക്കെതിരെ സമർപ്പിച്ച അപ്പീൽ ജില്ലാ കോടതി അംഗീകരിക്കുകയായിരുന്നു. ജില്ലാ കോടതി ജഡ്ജി സാധന റാണി താക്കൂർ നവംബർ 18ന് ഹർജി പരിഗണിക്കും.17ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച സാഹി ഇദ്ഗാഹ് പള്ളി കൃഷ്ണന്റെ ജന്മസ്ഥലത്താണ് നിൽക്കുന്നതെന്നാണ് ഹർജിക്കാരുടെ വാദം. പള്ളി നിൽക്കുന്നതുൾപ്പടെയുള്ള 13 ഏക്കർ സ്ഥലവും കാത്‌റ കേശവ്‌ദേവ് ക്ഷേത്രത്തിന്റെ ഭാഗമാണെന്നും ഇവർ വാദിക്കുന്നു.ഭൂമിയുമായി ബന്ധപ്പെട്ട് ശ്രീകൃഷ്ണ ജന്മസ്ഥാൻ സേവ സൻസ്ഥാനും ഷാഹി ഈദ്ഗാഹ് മാനേജ്‌മെന്റ് കമ്മിറ്റിയും തമ്മിലെത്തിച്ചേർന്ന കരാർ അംഗീകരിച്ച മഥുര കോടതിയുടെ 1968ലെ ഉത്തരവ് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

ഭഗവാൻ ശ്രീകൃഷ്ണ വിരാജ്മാനെ പ്രതിനിധീകരിച്ച് രഞ്ജന അഗ്‌നിഹോത്രിയും മറ്റ് ഏഴു പേരാണ് ഹർജിക്കാർ. ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡ്, ഷാഹി മസ്ജിദ് ഈദ്ഗാഹ് ട്രസ്റ്റ്, ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റ്, ശ്രീ കൃഷ്ണ ജന്മസ്ഥാൻ സേവ സൻസ്ഥാൻ എന്നിവരാണ് എതിർകക്ഷികൾ.അതേസമയം പുറത്ത് നിന്നുള്ള ചിലരെത്തി മഥുരയിൽ പ്രശ്‌നങ്ങളുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് പൂജാരിമാരുടെ സംഘടനയായ അഖില ഭാരതീയ തീർത്ഥ പുരോഹിത് മഹാസഭ പ്രസിഡന്റ് മഹേഷ് പതക് പറഞ്ഞു. പള്ളിയും ക്ഷേത്രവും തമ്മിൽ തർക്കങ്ങളൊന്നും നില നിൽക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.