hathras

ലക്‌നൗ: കോളിളക്കം സൃഷ്ടിച്ച ഹാഥ്‌രസ് കൂട്ട ബലാത്സംഗ കേസിൽ സി.ബി.ഐയ്ക്ക് നിർണായ തെളിവ് ലഭിച്ചെന്ന് വിവരം. പ്രതികളിൽ ഒരാളുടെ വീട്ടിൽ നടത്തിയ തെരച്ചിലിനിടെ രക്തക്കറയെന്ന് സംശയിക്കുന്ന പാടുകളുള്ള വസ്ത്രം കണ്ടെത്തി. രക്തക്കറയാണോ ഇതെന്ന് ഉറപ്പാക്കാൻ വസ്ത്രം വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ചു.

എന്നാൽ, രക്തക്കറയുള്ള വസ്ത്രം വീട്ടിൽനിന്ന് കണ്ടെടുത്തിട്ടില്ലെന്ന അവകാശവാദവുമായി പ്രതിയുടെ ബന്ധുക്കൾ രംഗത്തെത്തി. പ്രതിയുടെ സഹോദരൻ പെയിന്റിംഗ് ജോലിക്കാരനാണെന്നും ചുവന്ന പെയിന്റ് പുരണ്ട വസ്ത്രമാണ് സി.ബി.ഐ സംഘം കണ്ടെടുത്തതെന്നും ബന്ധുക്കൾ അവകാശപ്പെട്ടു. സംഘം രണ്ട് മണിക്കൂറോളമാണ് ഇവിടെ പരിശോധന നടത്തിയത്.

കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം കഴിഞ്ഞ നാല് ദിവസമായി പെൺകുട്ടിയുടെ ഗ്രാമത്തിലുണ്ട്. പെൺകുട്ടിയുടെ പിതാവിൽനിന്നും സഹോദരന്മാരിൽനിന്നും സംഘം വിവരങ്ങൾ ആരാഞ്ഞിരുന്നു. പെൺകുട്ടിയുടെ അമ്മയേയും സഹോദരനെയും അമ്മായിയേയും കുറ്റകൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കേസിലെ നാല് പ്രതികളുടെയും വീടുകളിലെത്തിയ സി.ബി.ഐ സംഘം അവരുടെ ബന്ധുക്കളെ വിശദമായി ചോദ്യംചെയ്തിരുന്നു.

അന്വേഷണം പൂർത്തിയായി: പ്രത്യേക അന്വേഷണസംഘം ഇന്ന് റിപ്പോർട്ട് കൈമാറും

ഉത്തർപ്രദേശിലെ ഹാഥ്‌രസിൽ 19കാരിയായ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ അന്വേഷണം പ്രത്യേക സംഘം പൂർത്തിയാക്കി. റിപ്പോർട്ട് ഉടൻ കൈമാറുമെന്നാണ് വിവരം.

'പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് സർക്കാറിന് ഇന്ന് വൈകിട്ട് കൈമാറുമെന്ന്' ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഒക്‌ടോബർ ഏഴിന് റിപ്പോർട്ട് കൈമാറണമെന്ന് ആദ്യം നിർദേശിച്ചിരുന്നു. പീന്നീട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 10 ദിവസം കൂടി നൽകുകയായിരുന്നു.

സെപ്തംബർ 29നാണ് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്. 30നാണ് കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. ഗ്രാമത്തിലെ മേൽജാതിക്കാരായ യുവാക്കൾ പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് വയലിൽ ഉപേക്ഷിക്കുകയായിരുന്നു.

പ്രത്യേക അന്വേഷണസംഘത്തിന്റെ ആദ്യഘട്ട റിപ്പോർട്ട് പ്രാകാരം ഒക്‌ടോബർ രണ്ടിന് ഹാഥ്‌രസ് പൊലീസ് സൂപ്രണ്ട്, ഡി.എസ്.പി, മുതിർന്ന പൊലീസ് ഓഫിസർമാർ തുടങ്ങിയവരെ സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നു. കേസിൽ സി.ബി.ഐയും അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തിൽ നാലുപ്രതികൾ ഇതുവരെ അറസ്റ്റിലായി.