
ബീജിംഗ് : ഫലപ്രാപ്തിയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന് മുമ്പ് കിഴക്കൻ ചൈനീസ് നഗരമായ ഷെജിയാംഗ് പ്രവിശ്യയിലെ ജിയാസിംഗിലെ ജനങ്ങൾക്ക് ഡബിൾ ഡോസിന് 46 പൗണ്ട് ( ഏകദേശം 4,400 രൂപ ) നിരക്കിൽ കൊവിഡ് 19 വാക്സിൻ നൽകുന്നു. പുറത്തു പോയി ജോലി ചെയ്യുന്നവർക്കും കൊവിഡ് ഗുരുതരമായി ബാധിച്ചേക്കാവുന്നവർക്കുമാണ് വാക്സിൻ ആദ്യ ഘട്ടത്തിൽ ലഭ്യമാക്കുക.
ചൈനീസ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള സിനൊവാക് ബയോടെക് ആണ് വാക്സിന്റെ നിർമാതാക്കൾ. വാക്സിൻ അത്യാവശ്യമുള്ള 18നും 59നും ഇടയിൽ പ്രായമുള്ളവർക്കും ഡോസ് ലഭിക്കുന്നതിന് അപേക്ഷ നൽകാം. ജൂലായ് മുതൽ തന്നെ ചൈനയിൽ കൊവിഡ് വാക്സിൻ അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് സാധാരണ ജനങ്ങൾക്ക് ലഭ്യമാക്കുന്നതെന്നാണ് റിപ്പോർട്ട്.
400 യുൻ ആണ് ' കൊറോണവാക് ' എന്ന് പേരിട്ടിരിക്കുന്ന വാക്സിന്റെ ചൈനയിലെ വില. ഫലപ്രാപ്തി തെളിഞ്ഞിട്ടില്ലാത്തതിനാൽ കുത്തിവയ്പ് കരാറിൽ ഒപ്പിട്ട ശേഷമേ ഓരോരുത്തർക്കും വാക്സിൻ സ്വന്തമാക്കാൻ സാധിക്കൂ. ആദ്യ ഡോസ് കഴിഞ്ഞ് 28 ദിവസത്തിന് ശേഷമാണ് വാക്സിന്റെ രണ്ടാമത്തെ ഡോസ് നൽകുക. അതേ സമയം, എത്ര പേർക്ക് കൃത്യമായി വാക്സിൻ നൽകാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. ബ്രസീൽ, ഇന്തോനേഷ്യ, തുർക്കി എന്നിവിടങ്ങളിൽ ഈ വാക്സിന്റെ അവസാനഘട്ട പരീക്ഷണങ്ങൾ നടക്കുന്നുണ്ട്.