case-diary

ഹൈദരാബാദ്: പീഡനശ്രമം ചെറുത്തതിന് വീട്ടുടമ തീകൊളുത്തിയ പതിമൂന്നുകാരി മരണത്തിന് കീഴടങ്ങി. തെലങ്കാനയിലെ ഖമ്മാമിൽ സെപ്തംബർ 18നാണ് സംഭവം നടന്നത്. അവിടെ മുസ്തഫ നഗറിലുള്ള അല്ലം മരിയയിലെ വീട്ടിൽ ജോലിക്കെത്തിയതായിരുന്നു ഈ പെൺകുട്ടി. അവിടത്തെ 26കാരൻ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ അവൾ എതിർത്തു. തുടർന്ന് ഇയാൾ കുട്ടിയുടെ ശരീരത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിവരം പുറത്തുവിട്ടിരുന്നില്ല. ജോലിക്കിടെ പൊള്ളലേൽക്കുകയായിരുന്നുവെന്നാണ് പ്രതിയുടെ കുടുംബം ആശുപത്രി അധികൃതരെ അറിയിച്ചത്. പെൺകുട്ടിയുടെ നില അതീവ ഗുരുതരമായതോടെയാണ് പീഡന വാർത്ത പുറത്തുവന്നത്. തുടർന്ന് ഒക്ടോബർ 4ന് പൊലീസെത്തി മൊഴി രേഖപ്പെടുത്തി. പ്രതിയെ അറസ്റ്റ് ചെയ്തു. മകൾക്ക് ചെറിയ തീപൊള്ളലേറ്റെന്നാണ് പെൺകുട്ടിയുടെ വീട്ടുകാരെ പ്രതിയുടെ കുടുംബം തെറ്റിദ്ധരിപ്പിച്ചത്. പൊലീസ് വീട്ടിലെത്തിയപ്പോൾ മാത്രമാണ് മകളുടെ യഥാർത്ഥ അവസ്ഥ മാതാപിതാക്കൾക്ക് മനസിലായത്. പ്രതിക്കെതിരെ കൊലക്കുറ്റത്തിനും യഥാർത്ഥ വിവരം മറച്ചുവച്ചതിനും കേസെടുത്തിട്ടുണ്ട്.