
തിരുവനന്തപുരം :ഇടതുമുന്നണിയാണ് ശരിയെന്ന ജോസ് വിഭാഗത്തിന്റെ പ്രഖ്യാപനത്തെ സി.പി.എം യു.ഡി.എഫിനെതിരായ രാഷ്ട്രീയായുധമാക്കും. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട യു.ഡി.എഫിന് ജനപിന്തുണയില്ലെന്നതിന് പുറമേ, സ്വന്തം ഘടകകക്ഷിയുടെ വിശ്വാസം പോലും നേടാനാവാത്ത അത്യഗാധമായ പ്രതിസന്ധിയാണ് നേരിടുന്നതെന്നും സെക്രട്ടേറിയറ്റ് യോഗ തീരുമാനങ്ങൾ വിശദീകരിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എൽ.ഡി.എഫുമായി സഹകരിക്കാനുള്ള മാണിഗ്രൂപ്പിന്റെ തീരുമാനം യു.ഡി.എഫിന്റെ അടിത്തറ തകർക്കുന്നതാണ്. ഏതെങ്കിലും ഘടകകക്ഷി പോയാൽ പിടിച്ചുനിറുത്താനുള്ള കഴിവ് കോൺഗ്രസ് നേതൃത്വത്തിന് മുമ്പുണ്ടായിരുന്നു. കേരളത്തിലെ കോൺഗ്രസിന് പരിഹരിക്കാനാകാത്തത് ഹൈക്കമാൻഡ് ഇടപെട്ട് പരിഹരിക്കുമായിരുന്നു. ഇപ്പോഴത്തെ പരാജയം ഹൈക്കമാൻഡിന് പോലും കഴിവ് നഷ്ടപ്പെട്ടതിന് തെളിവായി.
കേരളത്തിലെ കോൺഗ്രസ് നേതൃത്വം ബി.ജെ.പിയുടെ ബി ടീമായി. ആക്രമണോത്സുകരീതിയിൽ വിഷലിപ്തമായ വർഗീയപ്രചരണം മോദിസർക്കാരിന്റെ നേതൃത്വത്തിൽ നടക്കുമ്പോൾ ഈ തീവ്രവർഗീയതയെ നേരിടാൻ കോൺഗ്രസിനാവില്ലെന്ന് മാണിഗ്രൂപ്പ് തിരിച്ചറിഞ്ഞത് പ്രധാനപ്പെട്ട രാഷ്ട്രീയ ഇടപെടലാണ്. ബി.ജെ.പി സർക്കാർ കാർഷികമേഖലയിലെടുത്ത സമീപനത്തെ കൃഷിക്കാർ തിരിച്ചറിഞ്ഞപ്പോൾ പാർലമെന്റിൽ ബി.ജെ.പി കോൺഗ്രസിന്റെ വായടപ്പിച്ചത് അവരുടെ പ്രകടനപത്രികയിൽ ഇതേ നിയമനിർമാണം പറഞ്ഞത് ചൂണ്ടിക്കാട്ടിയാണ്. കാർഷികമേഖലയിൽ ഇടതുസർക്കാരുണ്ടാക്കിയ ചലനങ്ങളും സർക്കാരിന്റെ വികസനനയങ്ങളും കണക്കിലെടുക്കാതിരിക്കാൻ മാണിഗ്രൂപ്പിനായില്ല. എൽ.ഡി.എഫ് സർക്കാരിന്റെ വികസന, രാഷ്ട്രീയ നിലപാടുകൾക്കുള്ള അംഗീകാരമാണിത്.. തുടർഭരണം പ്രതീക്ഷിക്കുന്നവർക്ക് ഇത് അവേശം നൽകും. കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടാക്കും. . മുതലാളിത്തമാണ് അന്തിമപരിഹാരമെന്ന വാദം ശുദ്ധ അസംബന്ധമെന്ന് കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷൻ പോപ്പ് പോലും പറയുന്നു..കമ്മ്യൂണിസ്റ്റ് വിരുദ്ധമുന്നണിക്കിനി കേരളത്തിൽ സ്ഥാനമില്ല- കോടിയേരി പറഞ്ഞു..