us-elections

ലോസ്ആഞ്ചലസ് : വളരെ കുറച്ച് ശതമാനം ഇന്ത്യൻ അമേരിക്കൻ വംശജരാണ് വോട്ടർമാരായി അമേരിക്കയിലുള്ളത്. എന്നാൽ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പ്രാദേശിക, സ്റ്റേറ്റ്, ഫെഡറൽ തലത്തിൽ മത്സരത്തിനിറങ്ങുന്ന ഇന്ത്യൻ വംശജരുടെ കാര്യം അങ്ങനെയല്ല. വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമലാ ഹാരിസ് ഉൾപ്പെടെ തിരഞ്ഞെടുപ്പ് ചൂടിൽ ജ്വലിച്ചു നിൽക്കുന്ന ഏതാനും ഇന്ത്യൻ വംശജരെ പരിചയപ്പെടാം.

 കമലാ ഹാരിസ്

2020 തിരഞ്ഞെടുപ്പിലെ വൈസ് പ്രസിഡൻഷ്യൽ നോമിനി. 2016ൽ കാലിഫോർണിയയിൽ നിന്നും സെനറ്ററായി. സെനറ്റർ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ അമേരിക്കൻ, രണ്ടാമത്തെ ആഫ്രിക്കൻ - അമേരിക്കൻ വനിത എന്നീ പദവികൾ കമലയ്ക്കാണ്. ഓക്ക്‌ലാൻഡിൽ ജനിച്ച കമലയുടെ അമ്മ ചെന്നൈ സ്വദേശിനിയാണ്. സാൻഫ്രാൻസിസ്കോ, കാലിഫോർണിയ എന്നിവിടങ്ങളിൽ ഡിസ്ട്രിക്ട് അറ്റോർണി ആയി പ്രവർത്തിച്ചിട്ടുണ്ട്.

 സാറാ ഗിഡിയൻ

യു.എസ് സെനറ്റ് ഇലക്ഷനിൽ മെയ്‌നിൽ നിന്നുള്ള ഡെമോക്രാറ്റിക് സ്ഥാനാർത്ഥി. പിതാവ് ഇന്ത്യക്കാരനാണ്. നിലവിൽ മെയ്‌നിലെ പ്രതിനിധി സഭയിലെ സ്പീക്കർ ആണ്. ലോക്കൽ ടൗൺ കൗൺസിൽ അംഗവും സ്റ്റേറ്റ് പ്രതിനിധിയുമായിരുന്നു.

 റിക് മേത്ത

യു.എസ് സെനറ്റ് ഇലക്ഷനിൽ ന്യൂജേഴ്സിയിൽ നിന്നുള്ള റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി. മേത്തയുടെ ജനനത്തിന് മുമ്പ് തന്നെ അദ്ദേഹത്തിന്റെ മാതാപിതാക്കൾ യു.എസിലേക്ക് കുടിയേറിയതാണ്. ഡോക്ടർ കൂടിയായ മേത്ത ബയോടെക് സംരംഭകൻ കൂടിയാണ്.

 ശ്രീ പ്രിസ്റ്റൺ കുൽകർണി

ടെക്സസിലെ 22 കൺഗ്രെഷണൽ ഡിസ്ട്രിക്റ്റിൽ നിന്നും യു.എസ് കോൺഗ്രസിലേക്ക് ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. പിതാവ് വെങ്കടേഷ് ശ്രീനിവാസ് കുൽകർണി ഇന്ത്യക്കാരനാണ്. ഹാർവേർഡ് യൂണിവേഴ്സിറ്റിയിലെ പൂർവ വിദ്യാർത്ഥിയായ ശ്രീ ഒരു നയതന്ത്രജ്ഞൻ കൂടിയാണ്. ജയിച്ചാൽ യു.എസ് കോൺഗ്രസിൽ ടെക്സസിൽ നിന്നുള്ള ആദ്യ ഹിന്ദു പ്രതിനിധിയാകും.


 നീരജ് അന്താനി

ഓഹിയോയിലെ 6ാം ഡിസ്ട്രിക്റ്റിൽ നിന്നും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. നീരജിന്റെ മാതാപിതാക്കൾ 1987ൽ യു.എസിലേക്ക് കുടിയേറിയതാണ്. നിലവിൽ ഓഹിയോ ജനപ്രതിനിധിസഭയിൽ 42ാം ഡിസ്ട്രിക്റ്റിൽ നിന്നുള്ള അംഗമാണ്. 2018ൽ ന്യൂസ്മാക്സിന്റെ ഏറ്റവും സ്വാധീനം ചെലുത്തിയ 30 വയസിൽ താഴെയുള്ള റിപ്പബ്ലിക്കൻ നേതാക്കളുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്തായിരുന്നു.

 അമരീഷ് ബാഹുലാൽ ബേര

കാലിഫോർണിയയിലെ 7ാം കൺഗ്രെഷണൽ ഡിസ്ട്രിക്റ്റിൽ നിന്നും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി വീണ്ടും മത്സരിക്കുന്നു. നിലവിൽ ഇദ്ദേഹം തന്നെയാണ് ഇവിടെ നിന്നും യു.എസ് ജനപ്രതിനിധിസഭയിലെ അംഗം. ഇദ്ദേഹത്തിന്റെ പിതാവ് 1958ൽ യു.എസിലേക്ക് കുടിയേറി. ഗുജറാത്ത് വംശജനായ ഇദ്ദേഹം 2013 മുതൽ ഈ ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്നു.

 റോ ഖന്ന

കാലിഫോർണിയയിലെ 17ാം കൺഗ്രെഷണൽ ഡിസ്ട്രിക്റ്റിൽ നിന്നും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി വീണ്ടും മത്സരിക്കുന്നു. നിലവിൽ ഇവിടെ നിന്നു തന്നെയുള്ള യു.എസ് ജനപ്രതിനിധിസഭയിലെ അംഗമാണ്. ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ യു.എസിലേക്ക് കുടിയേറിയതാണ്. ബറാക് ഒബാമയുടെ കാലത്ത് യു.എസ് ഡിപ്പാർട്ടമെന്റ് ഒഫ് കൊമേഴ്സിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്നു അഭിഭാഷകൻ കൂടിയായ റോ ഖന്ന.

 പ്രമീള ജയപാൽ

വാഷിംഗ്ടൺ 7ാം കൺഗ്രെഷണൽ ഡിസ്ട്രിക്റ്റിൽ നിന്നും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി വീണ്ടും മത്സരിക്കുന്നു. പിതാവ് മലയാളിയാണ്. ചെന്നൈയിൽ ജനിച്ച പ്രമീള യു.എസ് ജനപ്രതിനിധി സഭയിലെത്തുന്ന ആദ്യ ഇന്ത്യൻ അമേരിക്കൻ വനിതയാണ്. ഫെഡറൽ തലത്തിൽ വാഷിംഗടൺ സ്റ്റേറ്റിനെ പ്രതിനിധീകരിക്കുന്ന ആദ്യ ഏഷ്യൻ അമേരിക്കൻ ആണ് പ്രമീള.

 രാജാ കൃഷ്ണമൂർത്തി

ഇല്ലിനോയിസ് 8ാം കൺഗ്രെഷണൽ ഡിസ്ട്രിക്റ്റിൽ നിന്നും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി വീണ്ടും മത്സരിക്കുന്നു. ന്യൂഡൽഹിയിലെ ഒരു തമിഴ് കുടുംബത്തിൽ ജനനം. നിലവിൽ ദ ഹൗസ് ഓവർസൈറ്റ് കമ്മിറ്റി, ദ ഹൗസ് പെർമനെന്റ് സെലക്ട് കമ്മിറ്റി ഓൺ ഇന്റലിജൻസ് എന്നിവയിൽ അംഗമാണ്.