
അബുദാബി: തലമാറിയിട്ടും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തലവര മാറിയില്ല. ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 8 വിക്കറ്റിന്റെ തകർപ്പൻ ജയം നേടി മുംബയ് ഇന്ത്യൻസ് പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിശ്ചിത ഇരുപതോവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു. മറുപടിക്കിറങ്ങിയ മുംബയ് 16.5 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു (149/2).
വെടിക്കെട്ട് അർദ്ധ സെഞ്ച്വറിയുമായി നിറഞ്ഞാടിയ ക്വിന്റൺ ഡി കോക്കാണ് (പുറത്താകാതെ 44 പന്തിൽ 78) മുംബയ് ഇന്നിംഗ്സിന്റെ നെടുംതൂൺ. നായകൻ രോഹിത് ശർമ്മയും(36 പന്തിൽ 35) ഡി കോക്കും ചേർന്ന് മുംബയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 10.3 ഓവറിൽ 94 റൺസ് കൂട്ടിച്ചേർത്തു. ശിവം മവിയുടെ പന്തിൽ ദിനേഷ് കാർത്തിക്ക് പിടിച്ചാണ് രോഹിത് പുറത്തായത്. തുടർന്നെത്തിയ സൂര്യകുമാർ യാദവ് (10) പെട്ടെന്ന് പുറത്തായെങ്കിലും പകരമെത്തിയ ഹാർദ്ദിക് പാണ്ഡ്യ സ്ഫോടനാത്മക ബാറ്റിംഗുമായി 11 പന്തിൽ 21 റൺസ് നേടി മുംബയ്യുടെ വിജയം വേഗത്തിലാക്കുകയായിരുന്നു. ഹാർദ്ദിക് മൂന്ന് ഫോറും 1 സിക്സും നേടി. കളിയിലെ താരമായ ഡി കോക്കിന്റെ ഇന്നിംഗ്സ് 9 ഫോറും 3സിക്സും ഉൾപ്പെട്ടതാണ്. നാല് മത്സരങ്ങളിൽ നിന്ന് ഡി കോക്കിന്റെ മൂന്നാം അർദ്ധ സെഞ്ച്വറിയാണിത്.
നേരത്തേ തുടക്കം പാളിയ കൊൽക്കത്തയെ അർദ്ധ സെഞ്ച്വറി നേടിയ പാറ്റ് കുമ്മിൻസും (36 പന്തിൽ 56), നായകസ്ഥാനം ഏറ്റെടുത്ത ഒയിൻ മോർഗനും (29 പന്തിൽ 39) ചേർന്നാണ് വൻ തകർച്ചയിൽ നിന്ന് രക്ഷിച്ച് ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്.
തകർക്കപ്പെടാത്ത ആറാം വിക്കറ്റിൽ ഇരുവരും 57 പന്തുകളിൽ കൂട്ടിച്ചേർത്ത 87 റൺസാണ് കൊൽക്കത്തയെ നാണക്കേടിൽ നിന്ന് കരകയറ്റിയത്. മൂന്നാം ഓവറിൽ രാഹുൽ ത്രിപാതിയുടെ (7) രൂപത്തിൽ കൊൽക്കത്തയ്ക്ക് ആദ്യ വിക്കറ്റ്നഷ്ടമായി. ട്രെൻഡ് ബൗൾട്ടിന്റെ പന്തിൽ സൂര്യ കുമാർ യാദവ് എടുത്ത തകർപ്പൻ ക്യാച്ചാണ് ത്രിപാതിക്ക് പുറത്തേക്കുള്ള വഴിയായത്. തുടർന്നെത്തിയ നിതീഷ് റാണ (5) കോൾട്ടർ നില്ലിന്റെ പന്തിൽ കീപ്പർ ഡികോക്കിന് ക്യാച്ച് നൽകി മടങ്ങി. അധികം വൈകാതെ നന്നായി തുടങ്ങിയ ശുഭ്മാൻ ഗില്ലും (21), ദിനേഷ് കാർത്തിക്കും (4), റസ്സലും ( 12) പുറത്തായതോടെ 61/5 എന്ന നിലയിലായി കൊൽക്കത്ത. എന്നാൽ തുടർന്ന് ക്രീസിൽ ഒന്നിച്ച മോർഗനും കുമ്മിൻസും കൊൽക്കത്തയുടെ രക്ഷാപ്രവർത്തനം ഏറ്റെടുക്കുകയായിരുന്നു. 5 ഫോറും 2 സിക്സും ഉൾപ്പെട്ടതാണ് കുമ്മിൻസിന്റെ ഇന്നിംഗ്സ്. മോർഗൻ രണ്ട് വീതം സിക്സും ഫോറും നേടി. മുംബയ്ക്കായി രാഹുൽ ചഹർ രണ്ടും ബുംര, ബൗൾട്ട്, കോൾട്ടർനിൽ എന്നിവർ ഒരുവിക്കറ്റ് വീതവും വീഴ്ത്തി.