army

ശ്രീനഗർ: കീഴടങ്ങിയ ഭീകരവാദിയായ യുവാവിനെ അനുഭാവപൂർവം സ്വീകരിക്കുന്ന സൈനികരുടെ വീഡിയോ വൈറൽ. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഭീകരവാദികളോടൊപ്പം ചേർന്ന ജഹാംഗീർ ഭട്ട് എന്ന യുവാവിനെ ബുദ്‌ഗാം ജില്ലയിലെ ഒരു ഭീകര വിരുദ്ധ ദൗത്യത്തിന് ഇടയ്ക്കാണ് സുരക്ഷാ സേന കണ്ടെത്തുന്നത്.

മേൽവസ്ത്രമില്ലാതെ ഒരു എ.കെ 47 മെഷീൻ ഗണ്ണുമായി കീഴടങ്ങാൻ ഉദ്ദേശിച്ചുകൊണ്ട് തങ്ങൾക്ക് മുൻപിലേക്ക് നടന്നടുക്കുന്ന യുവാവിനെ സൈനികർ അനുഭാവപൂർവം സ്വീകരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

Salute to Indian Army. https://t.co/EB43W5grsx

— Akhilesh Sharma (@akhileshsharma1) October 16, 2020

20 മുതൽ 25 വയസ് വരെ പ്രായം തോന്നിക്കുന്ന ചെറുപ്പക്കാരനോട് അപകടം ഒന്നും സംഭവിക്കില്ല എന്ന് ഒരു സൈനികൻ പറയുന്നതും വീഡിയോയിൽ കേൾക്കാം. 'ആരും വെടിവയ്ക്കില്ല, നിനക്ക് ഒന്നും സംഭവിക്കില്ല മോനെ'- എന്നാണ് സൈനികൻ ഭട്ടിനോട് പറയുന്നത്.

Father of a Terr0rist who surrendered in Budgam encounter today touching feet of Indian Armymen for saving their son's life & bringing him back to mainstream. Indian Army 👌pic.twitter.com/ATZuOz13Lm

— FrontalAssault (@FrontalAssault1) October 16, 2020

ഇയാൾക്ക് അൽപ്പം വെള്ളം നൽകണമെന്ന് കൂടെയുള്ളവരോട് സൈനികൻ പറയുന്നതും കേൾക്കാം. ജഹാംഗീർ ഭട്ട് കീഴടങ്ങുമ്പോൾ ഇയാളുടെ അച്ഛനും അവിടെയുണ്ടായിരുന്നു.

തന്റെ മകനെ രക്ഷപ്പെടുത്തിയ സൈനികരോട് ജഹാംഗീറിന്റെ അച്ഛൻ നന്ദി പറയുന്ന വീഡിയോയും ശ്രദ്ധ നേടുന്നുണ്ട്. 'ഇനി ഇവനെ ഭീകരവാദികളുടെ അടുത്തേക്ക് പോകാൻ അനുവദിക്കരുത്' എന്നും ഇയാളുടെ അച്ഛൻ പറയുന്നത് വീഡിയോയിൽ കേൾക്കാം.

ഇയാൾ നന്ദിസൂചകമായി സൈനികരുടെ കാൽക്കൽ വീഴുന്നതും കാണാം. ഒക്ടോബർ പതിമൂന്നാം തീയതിയാണ് ജഹാംഗീറിനെ കാണാതായതെന്ന് ജി.ഒ.സി 15 കോർപ്സ് ലെഫ്റ്റനന്റ് ജനറൽ ബി.എസ് രാജു അറിയിച്ചു. ജഹാംഗീറിനെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു അയാളുടെ കുടുംബം എന്നും അദ്ദേഹം അറിയിച്ചു.