
മുംബയ്: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെയും, മുൻ മാനേജർ ദിഷ സാലിയന്റെയും മരണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിയ ആൾ അറസ്റ്റിൽ.ഡൽഹി സ്വദേശിയായ വിഭോർ ആനന്ദിനെയാണ് മുംബയ് പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂൺ എട്ടിന് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചനിലയിലാണ് ദിഷയുടെ മൃതദേഹം കണ്ടെത്തിയത്. യുവതി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു ട്വിറ്ററിലൂടെ വിഭോർ പ്രചാരണം നടത്തിയത്.
ദിഷയുടെ ഫ്ളാറ്റിൽ നടന്ന പാർട്ടിയിൽ നടൻ സൂരജ് പഞ്ചോളി, അർബാസ് ഖാൻ, മന്ത്രി ആദിത്യ താക്കറെ, റിയ ചക്രവർത്തിയുടെ സഹോദരൻ തുടങ്ങിയ സെലിബ്രിറ്റികൾ പങ്കെടുത്തിരുന്നുവെന്നും, പാർട്ടിക്കിടെ അവർ യുവതിയെ ബലാത്സംഗം ചെയ്യുകയും, പതിനാലാം നിലയിലെ ഫ്ളാറ്റിൽനിന്നു താഴേക്കു തള്ളിയിട്ട് ആത്മഹത്യയാക്കി മാറ്റുകയുമായിരുന്നെന്നായിരുന്നു വിഭോർ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത്.
വ്യാജ പ്രചാരണത്തിനെതിരെ അർബാസ് ഖാൻ ഉൾപ്പെടെയുള്ളവർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സുശാന്തിന്റെ മരണം കൊലപാതകമാണെന്നും, കഴുത്തിൽ ചങ്ങല കുരുക്കി സുശാന്തിനെ ശത്രുക്കൾ വകവരുത്തിയതാണെന്ന സന്ദേശവും ഇയാൾ പ്രചരിപ്പിച്ചിരുന്നു.