sabarimala

പത്തനംതിട്ട: കൊടുങ്ങല്ലൂർ സ്വദേശി വി കെ ജയരാജ് പോറ്റിയെ ശബരിമലയിലെ പുതിയ മേൽശാന്തിയായി തിരഞ്ഞെടുത്തു. തൃശൂർ പൊയ്യ പൂപ്പത്തി വാരിക്കാട്ട് മഠം കുടുംബാംഗമാണ്.പുതിയ നിയോഗത്തിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. പന്തളം കൊട്ടാരത്തിലെ കൗശിക് കെ.വര്‍മയാണ് നറുക്കെടുത്തത്.

അങ്കമാലി വേങ്ങൂർ സ്വദേശി രജികുമാർ എം എൻ ആണ് മാളികപ്പുറം മേൽശാന്തി. ഋഷികേശ് കെ.വര്‍മയാണ് നറുക്കെടുത്തത്. സന്നിധാനത്തേക്ക് ഒമ്പതും മാളികപ്പുറത്തേക്ക് പത്തും പേരുകളാണ് ഉണ്ടായിരുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ എൻ വാസു, അംഗങ്ങളായ അഡ്വ എൻ വിജയകുമാർ, അഡ്വ കെ എസ് രവി, ശബരിമല സ്പെഷ്യൽ കമ്മിഷണർ മനോജ്, ദേവസ്വം കമ്മിഷണർ ബി എസ് തിരുമേനി, ഹൈക്കോടതി നിരീക്ഷകൻ ജസ്റ്റിസ് കെ പദ്മനാഭൻ നായർ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു നറുക്കെടുപ്പ്.

കൊവിഡ് മാനദണ്ഡം പാലിച്ച് 250 തീർത്ഥാടകർക്കാണ് ഒരു ദിവസം ശബരിമലയിൽ ദർശനാനുമതി. 48 മണിക്കൂർ മുമ്പ് കൊവിഡ് ടെസ്റ്റിന് വിധേയമായ സർട്ടിഫിക്കറ്റ് കൈവശം വേണം. കൊവിഡ് ആന്റിജൻ ടെസ്റ്റ് നടത്താൻ പമ്പയിലും നിലയ്‌ക്കലും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. നിലയ്‌ക്കലിൽ ആരോഗ്യ വകുപ്പ് സൗജന്യമായി ആന്റിജൻ ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് നൽകും. ഇതിനായി ദേവസ്വം ബോർഡ് 500 കിറ്റുകൾ വാങ്ങി നൽകി. രണ്ട് സ്വകാര്യ ഏജൻസികളുമുണ്ട്. ഇവർ 625 രൂപ ഈടാക്കും.